ചിരിക്കുന്ന പാമ്പും മസിലുപിടിച്ചങ്ങനെ നില്ക്കുന്ന തവളയും വിസിലൂതുന്ന മുയലും ഡാന്‍സ് കളിക്കുന്ന കങ്കാരുവുമെല്ലാം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായാവും നമ്മുടെ മുമ്പിലെത്തിയിട്ടുണ്ടാവുക. എന്നാല്‍, കഥയിലല്ലാതെ നമ്മുടെ കാടുകളില്‍ തങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളില്‍ മറ്റ് പ്രകോപനങ്ങളൊന്നുമില്ലാതെ വിലസുന്ന ഇത്തരം ചില ‘വന്യ’ നിമിഷങ്ങളുണ്ടാവാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അത്തരം രസകരമായ സന്ദര്‍ഭങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരുടെ 42 ചിത്രങ്ങള്‍ കോമഡി വൈല്‍ഡ്ലൈഫ് ഫോട്ടോ അവാര്‍ഡിലേക്ക് എത്തിയിരിക്കുകയാണ്.
ലോകത്തിന്റെ നാനാഭാഗങ്ങളില്നിന്നായെത്തിയ 7000 എന്‍ട്രികളില്‍നിന്നാണ് 42 ചിത്രങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. ഇന്ത്യയില്‍നിന്നുള്ള ചിരിക്കുന്ന പച്ചില പാമ്പടക്കമാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. കടല്‍ത്തീരത്ത് നടക്കാനിറങ്ങിയ പെന്‍ഗ്വിനുകളും മരത്തടി പിടിച്ച് എന്തോ ആലോചിച്ചെന്ന പോലെ നില്ക്കുന്ന കടുവയുമെല്ലാമുണ്ട് പട്ടികയിലിടം പിടിച്ച ഫോട്ടോകളില്‍.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരായ പോള്‍ ജോയ്ന്സണും ടോം സുള്ളനുമാണ് 2015ല്‍ കോമഡി വൈല്‍ഡ്ലൈഫ് ഫോട്ടോ അവാര്‍ഡിന് തുടക്കമിട്ടത്. വന്യജീവി ഫോട്ടോഗ്രാഫിയുടെ കൗതുകകരമായ മറ്റൊരു വശം കാണിക്കാനും നര്‍മ്മത്തിലൂടെ വന്യജീവി സംരക്ഷണം സാധ്യമാക്കാനും ഉദ്ദേശിച്ചായിരുന്നു തുടക്കം. ഒറാങ്കുട്ടന്മാരുടെ സംരക്ഷണം എന്ന ആശയം മുന്നോട്ടുവെച്ചാണ് ഈ വര്‍ഷത്തെ മത്സരം. മത്സരത്തിലൂടെ ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുകയും ചെയ്യും.








