‘ഫാന്‍സി നമ്പര്‍ പ്ലേറ്റ്, ബിഎംഡബ്ല്യുവിന്റെ രജിസ്‌ട്രേഷന്‍ ഹരിയാനയില്‍’; ജോജുവിനെതിരെ മോട്ടോര്‍ വാഹനവകുപ്പിന് പരാതി; മാസ്‌കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: വഴിതടയല്‍ സമരത്തിനിടെയുണ്ടായ വാക്കേറ്റത്തിനും വിവാദത്തിനും പിന്നാലെ നടന്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി. നടന്‍ വണ്ടിയില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് പരാതിക്കാരന്റെ ആരോപണം. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64കെ 0005 എന്ന നമ്പറോടുകൂടിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍ കമ്പനി നല്‍കിയ നമ്പര്‍ പ്ലേറ്റ് മാറ്റിയെന്ന് പരാതിയിലുണ്ട്. സുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതിന് ജോജുവിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

കളമശ്ശേരി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ മനാഫ് പുതുവായിലാണ് ജോജുവിനെതിരെ പരാതിയുമായി മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചിരിക്കുന്നത്. ജോജുവിന്റെ ബിഎംഡബ്ല്യു കാര്‍ ഹരിയാന രജിസ്‌ട്രേഷനിലാണെന്നും കേരളത്തില്‍ വര്‍ഷങ്ങളായി ഓടിക്കൊണ്ടിരിക്കുന്ന ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മാറ്റിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

ഡിഫന്‍ഡറുമായി ജോജു

ജോജുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. വൈറ്റിലയിലെ റോഡ് ഉപരോധം തടസപ്പെടുത്താന്‍ ജോജു എത്തിയത് മാസ്‌ക് ധരിക്കാതെയാണെന്ന് ചൂണ്ടിക്കാണി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിക്ക് പരാതി നല്‍കി. ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.

ദേശീയ പാതാ ഉപരോധിച്ചതിനും ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ലു തകര്‍ത്തതിനും കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. രണ്ട് ദിവസം മുന്‍പ് ജോസഫ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. കാര്‍ തകര്‍ത്തെന്നും ജോജുവിനെ കൈയ്യേറ്റം ചെയ്‌തെന്നുമുള്ള കേസില്‍ എട്ട് പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയാണിത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കണോ കീഴടങ്ങിയ ശേഷം നിയമനടപടികളുമായി മുന്നോട്ടുപോകണോ എന്ന ആലോചനയിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായ 30 പേര്‍ക്കെതിരെ റോഡ് ഉപരോധിച്ചതിന് കേസെടുത്തിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, വര്‍ക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ രണ്ട് മൂന്നും പ്രതികളാണ്.