തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് എകെജി സെന്ററില്‍ എല്‍ഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനെതിരെ പരാതി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്കെതിരെയുള്ള പരാതി. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ എം മുനീറാണ് കളക്ടര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്.
‘നിയന്ത്രണ ലംഘനത്തിനാണ് മുഖ്യമന്ത്രി നേതൃത്വം നല്‍കിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും വീടിനുള്ളില്പോലും കൂട്ടംകൂടി നില്‍ക്കരുതെന്നും പറയുന്ന മുഖ്യമന്ത്രിതന്നെ അതൊക്കെ ലംഘിക്കുകയാണ് ചെയ്തത്. കൊവിഡിനെ പ്രതിരോധിക്കാന്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടംകൂടിനിന്ന് കേക്ക് മുറിച്ചത് തെറ്റുതന്നെയാണ്’, എം മുനീര്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് പിണറായി വിജയനടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ എകെജി സെന്ററില്‍ വിജയാഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടി കേക്ക് മുറിച്ചത്. കൃത്യമായ സാമൂഹിക അകലം പാലിക്കാതെ നേതാക്കള്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കണമെന്നാണ് മുനീര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എകെജി സെന്ററില്‍നിന്നുള്ള ചിത്രങ്ങള്‍ പ്രചരിച്ചതോടെ നേതാക്കള്‍ക്കെതിരെ വലിയ വിമര്‍ശനമാണുയരുന്നത്.