തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
യോഗത്തില്‍ കെ ബാബു, ബെന്നി ബെഹ്നാന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് നടത്തിയത്. ഇതിനെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് രഹസ്യ യോഗം നടന്നത്.
കെ സുധാകരന്റെയും കെ മുരളീധരന്റെയും പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും സ്വയം ഒഴിയില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്. ഹൈക്കമാന്‍ഡ് രാജിവെക്കാന്‍ പറഞ്ഞാല്‍ ചെയ്യാം എന്നാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. പോരാട്ടത്തില്‍ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോവില്ല. സ്വയം ഒഴിയില്ല, മാറാന്‍ പറഞ്ഞാല്‍ മാറും എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ത്തന്നെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. കെ സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളത്തിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തുടര്‍ച്ച നേടിയപ്പോള്‍ യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങി. 22 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.