വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ നിയമിച്ചതും ഗ്രൂപ്പ് നോക്കാതെ; എ, ഐ ഗ്രൂപ്പുകളില്‍ രോഷം തിളച്ചുമറിയുന്നു

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിനെ തെരഞ്ഞെടുത്തതിന് പിന്നാലെ വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ തെരഞ്ഞെടുത്തപ്പോള്‍ തങ്ങളോട് അഭിപ്രായം ചോദിച്ചില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസിനകത്തെ എ, ഐ ഗ്രൂപ്പുകള്‍. എ, ഐ ഗ്രൂപ്പുകളെ പൂര്‍ണ്ണമായും അവഗണിച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതെന്നും ഇതില്‍ ഹൈക്കമാന്‍ഡിനോട് ശക്തമായ പ്രതിഷേധമുണ്ടെന്നുമാണ് ഈ ഗ്രൂപ്പ് നേതാക്കളുടെ പക്ഷം.

കെപിസിസി പ്രസിഡണ്ട് ആരായിരിക്കണം എന്ന് ഗ്രൂപ്പുകളോട് ആരാഞ്ഞപ്പോള്‍ ഹൈക്കമാന്‍ഡിന്റെ താല്‍പര്യത്തിനനുസരിച്ച് നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വീകരിച്ചത്. എന്നാല്‍ വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ തെരഞ്ഞെടുക്കുന്നതില്‍ അഭിപ്രായം തേടിയില്ലെന്നാണ് ഗ്രൂപ്പുകളുടെ അഭിപ്രായം. അങ്ങനെ അഭിപ്രായം തേടിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും പേരുകള്‍ നിര്‍ദേശിക്കുമായിരുന്നുവെന്നും അവര്‍ പറയുന്നു.

പുതിയ വര്‍ക്കിംഗ് പ്രസിഡണ്ടുമാരില്‍ ഒരാളായ ടി സിദ്ധിഖ് എ ഗ്രൂപ്പുകാരനാണെങ്കിലും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കപ്പുറത്തുള്ള നിലപാടാണ് സ്വീകരിച്ചത്. പിടി തോമസും കൊടിക്കുന്നില്‍ സുരേഷും എ ഗ്രൂപ്പ് നേരത്തെ വിട്ടിരുന്നു.

കെസി വേണുഗോപാല്‍, കെ സുധാകര, വിഡി സതീശന്‍ എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡണ്ടുമാരുടെ നിയമന കാര്യത്തിലും കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന വിശ്വാസമാണ് ഗ്രൂപ്പുകള്‍ക്കുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉടന്‍ പരസ്യ പ്രതികരണത്തിലേക്ക് പോകേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഗ്രൂപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കേരളത്തില്‍ നടക്കുന്ന സംഘടന കാര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നുവെന്ന പരാതി ഈ ഗ്രൂപ്പുകള്‍ മുന്നോട്ട് വെക്കുന്നു. ഈ നിലപാട് മാറ്റാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും ഗ്രൂപ്പുകള്‍ പറയുന്നു.

ഇപ്പോഴത്തെ നിയമനങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പുന:സംഘടന നടപടികളില്‍ നിന്ന് ഇരു ഗ്രൂപ്പുകളും വിട്ടുനില്‍ക്കില്ല. പുന:സംഘടന കാര്യത്തില്‍ അഭിപ്രായം പറയും. പുന:സംഘടനയില്‍ നിന്നും വിട്ടുനിന്നാല്‍ ഒപ്പം നില്‍ക്കുന്ന നേതാക്കളെ കൂടെ നിര്‍ത്താനാവില്ലെന്ന് ഇരു ഗ്രൂപ്പുകള്‍ക്കും നല്ല ബോധ്യമുണ്ട്.