ബെംഗളൂരു: വിജയദശമിയോടനുബന്ധിച്ച് വിജയപുര, ഉഡുപ്പി എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കാവി വസ്ത്രങ്ങള്‍ ധരിച്ചത് കര്‍ണാടകയില്‍ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബിജെപി സംസ്ഥാനത്തെ ഉത്തര്‍പ്രദേശ് പോലെയുള്ള ജംഗിള്‍ രാജ് ആക്കിമാറ്റുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഒക്ടോബര്‍ 14നെടുത്ത ചിത്രങ്ങളില്‍ എസ്പി ഉള്‍പ്പെടെ വിജയപുരയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വെള്ള ഷര്‍ട്ടും കാവി ഷാളും ധരിച്ചിരിക്കുന്നത് കാണാം. ഉഡുപ്പിയിലെ കോപ്പ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കാവി ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചിരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ കാവി സാരിയാണ് ധരിച്ചിരുന്നത്.
ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ ഉത്തര്‍പ്രദേശ് പോലെ ജംഗിള്‍ രാജ് ആക്കി മാറ്റുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘മിസ്റ്റര്‍ ബൊമ്മെ, എന്തിനാണ് നിങ്ങള്‍ പൊലീസിന്റെ യൂണിഫോം മാത്രമായി മാറ്റുന്നത്. അവര്‍ക്ക് ഓരോ തൃശ്ശൂലവും നല്കി അക്രമം നടത്താന്‍ അനുവാദം നല്‍കൂ. അത് വഴി, ഒരു ജംഗിള്‍ രാജ് ഉണ്ടാക്കുക എന്ന നിങ്ങളുടെ സ്വപ്നം പൂര്‍ണ്ണമാവും’, സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറും സംഭവത്തില്‍ പ്രതികരിച്ചു. ക്രമസമാധാനം പാലിക്കുവാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്വമുള്ള വിഭാഗമാണ് നമ്മുടെ പൊലീസ് സംവിധാനം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിറം അണിയുന്നതിലൂടെ എന്ത് മാതൃകയാണ് കര്‍ണാടക പൊലീസ് മുന്നോട്ട് വെക്കുന്നതെന്ന് ശിവകുമാര്‍ ചോദിച്ചു.
പൊലീസ് സേനയിലുള്ളവര്‍ കാവി വസ്ത്രങ്ങള്‍ അണിയരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടോയെന്ന് ബിജെപി നേതാവ് സി.ടി രവി ഡി.കെ ശിവകുമാറിനോട് പ്രതികരിച്ചു. കാവി നിറം ദേശീയ പതാകയുടെ ഭാഗമാണെന്നും തങ്ങളുടെ വാദം വിജയിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടന വളച്ചൊടിക്കുകയാണെന്നും സി.ടി രവി പറഞ്ഞു.