‘എല്ലാ തെളിവുകളുമുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിച്ചില്ല?’; റഫാല്‍ ഇടപാടിലെ മീഡിയാപാര്‍ട്ട് കണ്ടെത്തല്‍ ആയുധമാക്കി കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമം മീഡിയാപാര്‍ട്ട് വെളിപ്പെടുത്തലുകള്‍ ആയുധമാക്കി കോണ്‍ഗ്രസ്. ഇടനിലക്കാരന്‍ കോഴ വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിയില്ലെന്നായിരുന്നു മീഡിയാപാര്‍ട്ടിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തെളിവുകളുണ്ടായിട്ടും അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന നിര്‍ണായക ചോദ്യമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

റഫാല്‍ യുദ്ധവിമാനക്കരാറില്‍ ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സോ, ഇടനിലക്കാരനായ സുഷേന്‍ ഗുപ്തയ്ക്ക് 65 കോടി രൂപ കൈക്കൂലി നല്‍കിയിരുന്നെന്നും ഇക്കാര്യം സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അറിയാമായിരുന്നു എന്നുമായിരുന്നു മീഡിയാപാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. കോഴ സംബന്ധിച്ച് 2018ല്‍ തന്നെ മൗറീഷ്യസ് അതോറിറ്റി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തേണ്ടെന്നായിരുന്നു ഏജന്‍സികളുടെ തീരുമാനമെന്നും മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

വെളിപ്പെടുത്തലുകളുടെ ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസ് നിശബ്ദത പാലിച്ചിരുന്നെങ്കിലും രൂക്ഷപ്രതികരണത്തിലേക്കാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. ‘എല്ലാ തെളിവുകളുമുണ്ടായിരിക്കെ, മോഡിസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ടാണ് റാഫേല്‍ അഴിമതിയില്‍ അന്വേഷണം നടത്താതിരുന്നത്? പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ണായക രഹസ്യരേഖകള്‍ ഇടനിലക്കാരന് ലഭിച്ചതെങ്ങനെ? കോഴയും ഇടനിലക്കാരെയും ഇല്ലാതാക്കുമെന്ന വാഗ്ദാനത്തില്‍നിന്ന് എന്തുകൊണ്ടാണ് മോഡിസര്‍ക്കാര്‍ പിന്നോട്ടുപോയത്?’, കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

മൗറീഷ്യസില്‍ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മറവില്‍ ആഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടിലും സുഷേന്‍ ഗുപ്ത കോഴവാങ്ങി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് റഫാല്‍ ഇടപാടുകള്‍ക്കായി കോഴ വാങ്ങിയെന്ന വിവരങ്ങളും ലഭിച്ചതെന്നാണ് മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. മീഡിയാപാര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2013ലാണ് കോഴയിടപാടുകള്‍ ആരംഭിച്ചത്. ഈ ആരോപണത്തിലൂന്നിയുള്ള അന്വേഷണങ്ങള്‍ക്കായി ഏജന്‍സികള്‍ക്ക് തെളിവുകള്‍ കൈമാറാമെന്ന് മൗറീഷ്യസ് അതോറിറ്റി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

2018 ഒക്ടോബര്‍ 11ന് ഈ തെളിവുകള്‍ സിബിഐക്ക് ലഭിച്ചു. റഫാല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച് സിബിഐക്ക് ആദ്യപരാതി ലഭിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. ‘പരാതി ഉന്നയിച്ച് ഏഴുദിവസത്തിന് ശേഷം കോഴ ഇടപാടിന്റെ തെളിവ് ലഭിച്ചിട്ടും അന്വേഷണം ആരംഭിക്കേണ്ടെന്നാണ് സിബിഐ തീരുമാനിച്ചത്’, മീഡിയാപാര്‍ട്ട് പറയുന്നു. ഗുപ്തയുടെ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസിന് 2007-2012 കാലഘട്ടത്തില്‍ ഫ്രഞ്ച് ഏവിയേഷന്‍ കമ്പനിയില്‍നിന്നും ചുരുങ്ങിയത് 64 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇവയില്‍ പലതിനും ദസ്സോ ഉപയോഗിച്ചത് വ്യാജ ഇന്‍വോയിസുകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.