അവിശ്വാസം പാസായി, ചെല്ലാനത്ത് എല്‍ഡിഎഫിന് ഭരണനഷ്ടം; ഇനി കോണ്‍ഗ്രസ്-ട്വന്റി ട്വന്റി സഖ്യം ഭരിക്കും

കൊച്ചി: ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം. പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്. യുഡിഎഫും ചെല്ലാനം ട്വന്റി-ട്വന്റിയും സംയുക്തമായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒമ്പതിനെതിരെ പന്ത്രണ്ടു വോട്ടുകള്‍ക്കാണ് പാസായത്.

ട്വന്റി-ട്വന്റിയുടെ എട്ടും കോണ്‍ഗ്രസിന്റെ നാലും അംഗങ്ങളും ചേര്‍ന്നാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 21 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്.

ഇതോടെ, പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ്-ചെല്ലാനം ട്വന്റി ട്വന്റി സഖ്യം ഏറ്റെടുക്കാനും ധാരണയായി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഇരുവരും പങ്കിട്ടെടുക്കും. കൂടുതല്‍ അംഗങ്ങളുള്ള ട്വന്റി-ട്വന്റിക്കാവും പ്രസിഡന്റ് സ്ഥാനം നല്‍കുക. കിഴക്കമ്പലം ട്വന്റി-ട്വന്റിയുമായി ബന്ധമുള്ളതല്ല ചെല്ലാനത്തെ ട്വന്റി-ട്വന്റി കൂട്ടായ്മ.

ഒരുകാലത്ത് കോണ്‍ഗ്രസ് കുത്തകയായിരുന്ന ചെല്ലാനം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു എല്‍ഡിഎഫ് പിടിച്ചെടുത്തത്. ചെല്ലാനം ട്വന്റി ട്വന്റി കൂട്ടായ്മ മത്സരരംഗത്തിറങ്ങിയതായിരുന്നു കോണ്‍ഗ്രസ് പാളയത്തില്‍ വിള്ളലുണ്ടാക്കിയത്. നാല് സീറ്റുകളില്‍ മാത്രമായിരുന്നു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറിയത്. ട്വന്റി ട്വന്റി ചെല്ലാനത്തുണ്ടാക്കിയ സ്വാധീനം ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അംഗീകരിച്ചിരുന്നില്ലെങ്കിലും, നിലവിലെ സാഹചര്യത്തില്‍ല ട്വന്റി-ട്വന്റിയുമായി ചേര്‍ന്ന് എല്‍ഡിഎഫിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.