സെപ്തംബര്‍ 27ലെ ഭാരത് ബന്ദ് വന്‍വിജയമാക്കണം; പ്രതിപക്ഷ കക്ഷികളോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സെപ്തംബര്‍ 27ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് വന്‍വിജയമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ബന്ദ്.

മുസഫര്‍നഗറില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കര്‍ഷക മഹാപഞ്ചായത്താണ് ഭാരത് ബന്ദ് ആഹ്വാനം ചെയ്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രക്ഷോഭകാര്യ സമിതിയുടെ ചെയര്‍മാന്‍ ദിഗ്‌വിജയ് സിങ് ട്വിറ്ററിലൂടെയാണ് ബന്ദിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ടത്. എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളും ബന്ദിനെ പിന്തുണച്ച് വന്‍വിജയമാക്കണമെന്നാണ് ട്വീറ്റ് ചെയ്തത്.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ മണ്ഡികള്‍ക്ക് താഴ് വീഴ്ത്തും. അതിനാലാണ് കര്‍ഷകര്‍ അവക്കെതിരെ പ്രക്ഷോഭം നടത്തുന്നത്. ഉപഭോക്താക്കള്‍ക്കും എതിരാണ് ഈ നിയമങ്ങള്‍. വ്യവസായി കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങി കൂടിയ വിലക്ക് വില്‍ക്കുമെന്നും ദിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടി.

മോഡിയുടെയും അമിത് ഷായുടേയും സുഹൃത്തുക്കള്‍ 20 ലക്ഷം കോടി രൂപ വിലമതിക്കുന്ന കാര്‍ഷിക ചന്തകള്‍ നോട്ടമിട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ചന്തകളിലേക്ക് കടന്നുവരാന്‍ പറ്റാത്ത വ്യവസായികള്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങളെന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.