ഖാർഗെയോ തരൂരോ? ആര് നയിക്കും; കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്നറിയാം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വോട്ടെണ്ണല്‍ വെെകി 10.20 ഓടെയാണ് ആരംഭിച്ചത്. 68 ബാലറ്റ് പെട്ടികളാണ് എണ്ണാനുള്ളത്. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റിയാണ് വോട്ടെണ്ണല്‍. ഒരോ ടേബിളിലും രണ്ടായിരം വീതം എന്ന നിലയില്‍ അഞ്ചു ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. ഉച്ച കഴിഞ്ഞ് 3 മണിക്കും 4 മണിക്കും ഇടയിലായിരിക്കും ഫലപ്രഖ്യാപനം.

പോളിംഗ് ക്രമക്കേട് ആരോപിച്ച് തരൂർ പക്ഷത്തിന്റെ പരാതി പരിഗണിച്ച് യുപിയിലെ വോട്ടുകള്‍ അവസാനമായിരിക്കും എണ്ണുക. ഇഞ്ചോടിച്ച് പോരാട്ടം നടക്കുകയാണെങ്കില്‍ യുപി വോട്ടുകള്‍ വോട്ടെടുപ്പിനെ സ്വാധീനിക്കാതിരിക്കാനാണ് നീക്കമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്. അതേസമയം, മറ്റുവോട്ടുകളില്‍ നിന്ന് മല്ലികാർജ്ജുന്‍ ഖാർഗെ വിജയമുറപ്പിക്കുന്ന പക്ഷം ആ ഘട്ടത്തില്‍ യുപി വോട്ടുകളും എണ്ണും. കേരളമടക്കമുള്ള പിസിസികള്‍ക്കെതിരായി തരൂർ പക്ഷം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാർത്തി ചിദംബരം, അതുൽ ചതുർവേദി, സുമേദ് ഗെയ്ക്വാൾ എന്നിവരാണ് ശശി തരൂരിന്റെ കൗണ്ടിംഗ് ഏജന്റുകള്‍. ഇവർ നിരന്തരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പ്രമോദ് തിവാരി, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ്, സയ്യിദ് നാസിർ ഹുസൈൻ, കുൽജിത് സിങ് ബഗ്ര, ഗുർദീപ് സിങ് സപ്പാൽ എന്നിവരാണ് ഖാർഗെയുടെ കൗണ്ടിംഗ് ഏജന്റുമാർ. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച തരൂരിന്റെ നടപടി തോല്‍വിക്ക് മുന്‍പേയുള്ള മുന്‍കൂർ ജാമ്യമെടുക്കുന്നതാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചത്.

ഭൂരിഭാഗത്തിന്റെ പിന്തുണയോടെ മല്ലികാർജ്ജുന്‍ ഖാര്‍ഗെ വിജയം ഉറപ്പിക്കുമ്പോള്‍ അട്ടമറികളൊന്നും നേതൃത്വം പ്രതീക്ഷിക്കുന്നില്ല. മല്ലികാർജ്ജുന്‍ ഖാർഗെയുടെ വസതിയില്‍ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഖാർഗെയുടെ ഗുല്‍ബർഗയിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവർത്തകർ എത്തിക്കഴിഞ്ഞു. വീടിന് മുന്നില്‍ ‘അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ നന്ദി’ എന്നുള്ള ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, തരൂരിന് എത്ര വോട്ട് ലഭിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ചരിത്ര നിമിഷമാക്കിയ എല്ലാവർക്കും നന്ദിയറിച്ചുകൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തു. 20 ഭാഷകളില്‍ നന്ദി പറഞ്ഞുകൊണ്ടാണ് ട്വീറ്റ്.

കാല്‍നൂറ്റാണ്ടിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്നും ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഫലത്തിനായാണ് ഇന്ത്യന്‍ രാഷ്ട്രീയം കാതോർക്കുന്നത്. തിങ്കഴാള്ച വോട്ടെടുപ്പ് പൂർത്തിയാകുമ്പോള്‍ 96 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 9497 പ്രതിനിധികളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് വോട്ടു രേഖപ്പെടുത്തിയത്. കേരളത്തില്‍ നിന്ന് വോട്ടര്‍പട്ടികയില്‍ പേരുള്ള 310 പ്രതിനിധികളില്‍ 294 പേര്‍ വോട്ടുചെയ്തിട്ടുണ്ട്.