ഉമയല്ലെങ്കിൽ പിന്നെയാര്?, പി.ടി തോമസിന്റെ ഭാര്യയെ തൃക്കാക്കര സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ചർച്ച

തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്സിൽ ആലോചന. ഉമ സ്ഥാനാർത്ഥിയായില്ലെങ്കിൽ മാത്രമേ മറ്റ് പേരുകൾ പരിഗണിക്കുകയുള്ളൂ എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഉമയോ കോൺഗ്രസോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ഉമയെ സ്ഥാനാർത്ഥിയാക്കുന്ന വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഉമയോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജീവിച്ചിരുന്ന പി.ടിയേക്കാൾ ശക്തനാണ് മരണമടഞ്ഞ പി.ടി എന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ ഉമയുടെ സ്ഥാനാർഥി സാധ്യതകൂടിയാണ് സൂചിപ്പിക്കുന്നത് എന്നാണ് നിരീക്ഷണം.

എന്നാൽ കുടുംബരാഷ്ട്രീയത്തെ ശക്തമായി എതിർത്ത നേതാവായിരുന്നു പി.ടി തോമസെന്നും അതിനാൽ അദ്ദേഹത്തിന്റെ ഭാര്യക്ക്തന്നെ സീറ്റ് നൽകുന്നത് ഉചിതമാവില്ലെന്നും നേതൃതലത്തിൽതന്നെ ചർച്ചകളുണ്ട്. ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കളും സീറ്റിനായി ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. മുൻ എംഎൽഎ ഡൊമിനിക് പ്രസന്‍റേഷൻ, വീക്ഷണം എം ഡി ജെയ്സൻ ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയരാണ് ചർച്ചയിലുള്ള മറ്റു പേരുകൾ.

കോൺഗ്രസിന് വിജയസാധ്യതയുള്ള മണ്ഡലമാണ് തൃക്കാക്കര. എംഎൽഎ ആയിരുന്ന പി.ടി തോമസിന്റെ വിയോഗത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഫെബ്രുവരിക്ക് ശേഷം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. അടുത്തയാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മറ്റ് സംസ്ഥാങ്ങളുടെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്ന കൂട്ടത്തിൽ തൃക്കാക്കരയെയും ഉൾപ്പെടുത്താനാണ് സാധ്യത.

സിപിഎമ്മും ബിജെപിയും സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പലകോണുകളിൽ നിന്നായി സിൽവർലൈൻ ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.