ന്യൂഡല്‍ഹി: ദേശീയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനും പ്രക്ഷോഭങ്ങള്‍ നിശ്ചയിക്കുന്നതിനും വേണ്ടി സമിതിയെ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് ആണ് സമിതിയുടെ ചെയര്മാന്. പ്രിയങ്ക ഗാന്ധി സമിതിയില്‍ അംഗമാണ്.
ഉത്തംകുമാര്‍ റെഡ്ഡി, ബി.കെ ഹരിപ്രസാദ്, മനീഷ് ചത്രാത്ത്, റിപുണ്‍ ബോറ, ഉദിത് രാജ്, രാഗിണി നായിക്, സുബൈര്‍ ഖാന് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ഡല്‍ഹിയിലേക്കുള്ള ദിഗ്വിജയ് സിങിന്റെ മടങ്ങി വരവായാണ് ഈ സ്ഥാനലബ്ദിയെ പലരും വിശേഷിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളുടെയും ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള സിങ് കുറച്ചു കാലമായി ദേശീയ തലസ്ഥാനത്തെ കോണ്‍ഗ്രസ് അധികാരകേന്ദ്രത്തില്‍ ഇല്ലായിരുന്നു.
വിവിധ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തുടര്‍ച്ചയായ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ വര്‍ധിപ്പിക്കണം എന്ന ആലോചനയിലാണ് പുതിയ സമിതിയെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയും ഈ സമിതിയിലുണ്ടെന്നത് ശ്രദ്ധയമാണ്.