മുഴുവന്‍ ഡിസിസി പ്രസിഡണ്ടുമാരെയും മാറ്റും; കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് എഐസിസി

ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് എഐസിസി. മുഴുവന്‍ ഡിസിസി പ്രസിഡണ്ടുമാരെയും മാറ്റി പുതിയ പ്രസിഡണ്ടുമാരെ ഉടന്‍ തന്നെ തെരഞ്ഞെടുക്കും.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാവുമെന്ന സൂചന കേന്ദ്ര നേതൃത്വം നല്‍കിയിരുന്നു. അതിന്റെ നടത്തിപ്പിലേക്ക് കടക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

ജനപ്രതിനിധികളായ ഡിസിസി പ്രസിഡണ്ടുമാര്‍ വരെ കോണ്‍ഗ്രസിനുണ്ടായിരുന്നു. രണ്ട് മേഖലയിലും മികച്ച പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇവരെയടക്കം മുഴുവന്‍ പ്രസിഡണ്ടുമാരെയും മാറ്റി യുവനേതൃത്വത്തെ കൊണ്ട് വരാനാണ് ആലോചന.

വിഡി സതീശന് ലഭിച്ച സ്വീകാര്യതയും നേതൃമാറ്റം ഉടനടി നടപ്പിലാക്കാന്‍ എഐസിസി നേതൃത്വത്തെ പ്രേരിപ്പിക്കുന്നു. ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറാണെന്ന് പാലക്കാട് എംപി കൂടിയായ വികെ ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.

ഡിസിസി അദ്ധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രൂപ്പ് പരിഗണിക്കേണ്ടതില്ല എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസിനെ തിരികെ കൊണ്ട് വരാനുള്ള നേതൃശേഷിയുണ്ടോ എന്നതായിരിക്കണം മാനദണ്ഡം എന്ന് കേരളത്തിന്റെ ചുമതലയുള്ള നേതാക്കളോട് എഐസിസി വിനിമയം ചെയ്തു കഴിഞ്ഞു.