പഞ്ചാബില്‍ ദളിത് നേതാവിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; സിദ്ധുവിനും മന്ത്രിസഭയില്‍ മികച്ച സ്ഥാനം നല്‍കും

ന്യൂദല്‍ഹി: പഞ്ചാബ് ദളിത് വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എയെ ഉപമുഖ്യമന്ത്രിയാക്കാനും നവ്‌ജ്യോത് സിംഗ് സിദ്ധുവിന് മന്ത്രിസഭയില്‍ മികച്ച സ്ഥാനം നല്‍കാനും കോണ്‍ഗ്രസില്‍ ധാരണ. സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനത്തിലെ ഉള്‍പ്പോര് പരിഹരിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നിയമിച്ച മൂന്നംഗ സമിതിയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദ സിംഗ് നടത്തിയ യോഗത്തിലാണ് ഏകദേശ ധാരണയിലെത്തിയത്.

വിമത എംഎല്‍എമാര്‍ പിന്തുണക്കുന്ന നവ്‌ജ്യോത് സിംഗ് സിദ്ധുവിന് മന്ത്രിസഭയില്‍ മികച്ച സ്ഥാനം നല്‍കി ഒരുമയില്‍ പോകാനുള്ള നിര്‍ദ്ദേശമാണ് സമിതി മുന്നോട്ട് വെച്ചത്. അതില്‍ തനിക്കെതിര്‍പ്പില്ലെന്ന മറുപടിയാണ് അമരീന്ദര്‍ സിംഗില്‍ നിന്നുണ്ടായത്.

മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ പുതിയ ഉപ മുഖ്യമന്ത്രിയെ നിയമിക്കാന്‍ തീരുമാനിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളായിരിക്കണം പുതിയ ഉപമുഖ്യമന്ത്രിയെന്നതും യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന നേതൃ നിരയില്‍ മാറ്റം വരും. പഞ്ചാബിലെ സംഘടന പ്രശ്‌നങ്ങളെ കുറിച്ച് സമിതി ഈയാഴ്ച അവസാനിക്കുന്നതിന് മുമ്പേ റിപ്പോര്‍്ട്ട് നല്‍കും.