മമതക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും; പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ മറ്റൊരു പൂജ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ഭവാനിപൂര്‍ നിയോജക മണ്ഡലത്തിലേക്ക് സെപ്തംബര്‍ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്.

കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമുണ്ടായത്. ദേശീയ തലത്തില്‍ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിനോട് സൗഹൃദത്തിലായതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് തീരുമാനിക്കുന്നതിനായിരുന്നു യോഗം ചേര്‍ന്നത്.

തൃണമൂലിനെതിരെ മത്സരിക്കണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത കൂടുതല്‍ അംഗങ്ങളും ആവശ്യപ്പെട്ടത്. അതിനാല്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇട
തുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടും. അവരുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സോവന്‍ദേബ് ചതോപാധ്യയാണ് ഭവാനിപൂരില്‍ നിന്ന് വിജയിച്ചത്. നന്ദിഗ്രാമില്‍ മത്സരിച്ച് പരാജയപ്പെട്ട മമത ബാനര്‍ജിക്ക് മത്സരിക്കുവാന്‍ വേണ്ടി സോവന്‍ദേബ് എം.എല്‍.എ സ്ഥാനം രാജിവെക്കുകയായിരുന്നു. അതിനാലാണ് ഇപ്പോള്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

രാഷ്ട്രീയ മര്യാദയുടെ പേരില്‍ മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടാണ് ആധിര്‍ രഞ്ജന്‍ ചൗധരി സ്വീകരിച്ചിരുന്നത്. എന്നാല്‍ ആ രാഷ്ട്രീയ മര്യാദ ഭരണകക്ഷി കാണിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ഈയടുത്ത സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമിക്കുന്നുവെന്നും തന്നെ പോലെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും മോശമായി പ്രവര്‍ത്തിക്കുന്നുവെന്നും ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസിന്റെ തീരുമാനത്തിന് വലിയ പ്രാധാന്യം തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കുന്നില്ല.

‘സംസ്ഥാനത്ത് സ്വാധീനത്തിന്റെ കാര്യമെടുത്താല്‍ കോണ്‍ഗ്രസും ഇടതും വലിയ പൂജ്യങ്ങളാണ്. രണ്ട് പൂജ്യങ്ങള്‍ ചേര്‍ന്നാല്‍ മറ്റൊരു പൂജ്യം ലഭിക്കും’

കുനാല്‍ ഘോഷ്, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

സംസ്ഥാനത്തെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ കൂടി സെപ്തംബര്‍ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സാംസര്‍ഗെഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.