പ്രേം നസീറിന്റെ പെട്ടെന്നുള്ള മരണകാരണം രാഷ്ട്രീയപ്രവേശനമാണെന്ന് നടനും സംവിധായകനുമായ അലപ്പി അഷ്റഫ്. പ്രേം നസീറിന്റെ മകന് ഷാനവാസിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ആലപ്പി അഷ്റഫിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി രാപകല്‍ ഭേദമില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. ദിനചര്യകളെല്ലാം പെട്ടെന്ന് തകിടംമറിഞ്ഞതോടെ അദ്ദേഹം രോഗബാധിതനായി. അങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവന് നഷ്ടപ്പെട്ടതെന്ന ഷാനുവിന്റെ നിഗമനം നൂറുശതമാനം സത്യമാണെന്ന് സംവിധായകന് പറഞ്ഞു.
ചലച്ചിത്ര രംഗത്ത് ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ച ആ പ്രതിഭയോട് കോണ്‍ഗ്രസ് പിന്നീട് നീതി കാട്ടിയില്ലന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസുകാര്‍ ഒന്നും ചെയ്തില്ല.
ആലപ്പി അഷ്റഫ്
ഒന്നാം പിണറായി സര്‍ക്കാര്‍ നസീര്പഠിച്ച ചിറയന്‍കീഴിലെ സ്കുളില്‍ സ്മാരകം പണിയാന്‍ രണ്ടു കോടി അനുവദിച്ചു. തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് നസീറിന്റെ പ്രതിമ സ്ഥാപിക്കാനായി ബിജെപിയുടെ രാജ്യസഭാംഗം സുരേഷ് ഗോപി ഇതിനോടകം 16 ലക്ഷം രൂപ എത്തിച്ചു. കോഴിക്കോട്ടെ ശില്പി ജീവന് തോമസിന് സുരേഷ് ഗോപി ഇതിനോടകം ഈ തുക കൈമാറി. മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ പിന്‍ന്തുണയോടെയാണ് പ്രേംനസീര്‍ ഫൗണ്ടേഷന് രൂപം നല്‍കിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഒരു മഹാനായ കാലകാരനു വേണ്ടി മറ്റു പാര്‍ട്ടിക്കാരാണ് ഇവയെല്ലാം ചെയ്തതെന്നോര്‍ക്കണം. കോണ്‍ഗ്രസ്സിലെ സാംസ്കാരിക നായകന്മാരുടെ അഭാവം എന്തുകൊണ്ടാണന്നതിന് വേറെ ഉദാഹരണം നിരത്തേണ്ടതില്ല. അവഗണന തന്നെയാണ് കാരണം.
കോണ്‍ഗ്രസിന്റെ സാംസ്കാരിക സംഘടനയായ ‘സാംസ്കാരസാഹിതി’യുടെ ഒരു വൈസ് ചെയര്‍മാനായപ്പോഴാണ് അവിടെ നടക്കുന്നതെന്തെന്ന് മനസ്സിലായത്. അത് കോണ്‍ഗ്രസ്സിലേക്ക് പെട്ടന്ന് കടന്നു വരുന്നവര്‍ക്കുള്ള ക്വോറന്റ്റയിന് സെന്ററാണ്. ഭാരവാഹികളില്‍ കലാ സാഹിത്യ രംഗത്തുള്ളവര്‍ മരുന്നിന് പോലുമില്ല. കോണ്‍ഗ്രസ് ശൈലി മാറ്റത്തിന് തുടക്കമിട്ടുവെങ്കിലും ഇവിടെ ഇപ്പോഴും ജന്മി കുടിയാന് വ്യവസ്ഥയാണ്. ഇവിടം നന്നായാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സമൂഹത്തില്‍ അവരിലൂടെ കൂടുതല്‍ മതിപ്പ് ലഭിക്കും. ശുദ്ധികലശം ഇവിടെയാണ് വേണ്ടത്. പുതിയ കെപിസിസി പ്രസിഡന്റ് ഈ സംഘടനയുടെ അലകും പിടിയും മറ്റുമെന്ന് പ്രത്യാശിക്കാം. അല്ലെങ്കില്‍ ഇനി വരുന്ന കോണ്‍ഗ്രസ് തലമുറ പ്രേംനസീറിന്റെ കുടുബത്തോടും മറ്റു പല കലാ സാഹിത്യകാരന്മാരോടും സാംസ്കാരിക നായകന്മാരോടും മാപ്പ് പറയേണ്ടിയതായ് വരുമെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേര്‍ത്തു.
ആലപ്പി അഷ്റഫിന്റെ പ്രതികരണം
കാലിടറിയ കലാസാഹിതി
മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേംനസീറിന്റെ മകന് ഷാനവാസ് ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു ‘എന്റെ ഡാഡിയുടെ പെട്ടന്നുള്ള മരണകാരണം അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത് മൂലമാണ്. അന്ന് കോണ്‍ഗ്രസിന്റെ ഇലക്ഷന് പ്രചരണത്തിനായി ഒരോ സ്ഥാനാര്‍ത്ഥിയുടേയും വിജയത്തിനായ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അദ്ദേഹം അക്ഷീണം ഓടി നടന്നു പ്രവര്‍ത്തിച്ചു. അത് അദ്ദേഹം ജീവിതത്തില്‍ അന്നുവരെ അനുഷ്ഠിച്ചിരുന്ന ദിനചര്യകളെല്ലാം തകിടം മറിച്ചു, ഇതേ തുടര്‍ന്ന് രോഗബാധിതനായതോടെയാണ് ആ വിലപ്പെട്ട ജീവന് നമുക്ക് നഷ്ടപ്പെട്ടത്’. ഇതായിരുന്നു മകന് ഷാനുവിന്റെ നിഗമനം.
അത് നൂറു ശതമാനം സത്യമാണന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. കാരണം ഇതേക്കുറിച്ചു നസീര്‍ സാര്‍ എന്നോട് മനസ്സ് തുറന്നിട്ടുണ്ട്, പിന്നീടൊരവസരത്തില്‍ ഞാന്‍ അത് പറയാം. ചലച്ചിത്ര രംഗത്ത് ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ച ആ പ്രതിഭയോട് കോണ്‍ഗ്രസ്സ് പിന്നീട് നീതി കാട്ടിയില്ലന്നതാണ് യാഥാര്‍ത്ഥ്യം. ആ മാഹാനായ നടന്റെ വിയോഗശേഷം കേരളത്തില്‍ സര്‍ക്കാറുകള്‍ പലതും മാറിമാറി വന്നു. ഇവരിലാരാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായ് എന്തെങ്കിലും ചെയ്തെതെന്ന് നമുക്ക് പരിശോധിച്ച് നോക്കാം.
സത്യം പറയട്ടെ-കോണ്‍ഗ്രസുകാര്‍ ഒന്നും ചെയ്തില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ നസീര്‍ സാര്‍ പഠിച്ച ചിറയന്‍കീഴിലെ സ്കുളില്‍ സ്മാരകം പണിയാന്‍ രണ്ടു കോടി അനുവദിച്ചത് അന്ന് വല്യ വാര്‍ത്തയായിരുന്നുവല്ലോ. തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് നിത്യഹരിത നായകന്റെ പ്രതിമ സ്ഥാപിക്കാനായി ബിജെപിയുടെ രാജ്യസഭാംഗം സുരേഷ് ഗോപി ഇതിനോടകം എത്തിച്ചത് 16 ലക്ഷം രൂപയാണ്. പ്രതിമ സ്ഥാപിക്കാന്‍ സര്ക്കാന് സ്ഥലമനുവദിക്കുമെന്ന ഉറപ്പിലാണ്, കോഴിക്കോട്ടെ ശില്പി ജീവന് തോമസിന് സുരേഷ് ഗോപി ഇതിനോടകം ഈ തുക കൈമാറിയെന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും.
മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ പിന്‍ന്തുണയോടെയാണ് പ്രേംനസീര്‍ ഫൗണ്ടേഷന് രൂപം നല്‍കിയത്. നിര്‍മ്മാതാവും ബിജെപിക്കാരനുമായ സുരേഷ് കുമാറിന്റെ പ്രയത്നഫലമായാണ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രേംനസീറിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്. ഗ്രന്ഥത്തിന്റെ പ്രകാശനം എര്‍ണാകുളത്ത് പ്രൗഢഗംഭീരമായ സദസ്സില്‍ നിര്‍വ്വഹിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഒരു മഹാനായ കാലകാരനു വേണ്ടി മറ്റു പാര്‍ട്ടിക്കാരാണ് ഇവയെല്ലാം ചെയ്തതെന്നോര്‍ക്കണം. മറ്റൊന്നുകൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താം. ഇത്തവണത്തെ കലാഭവന്‍ മണി പുരസ്കാരം എനിക്കായിരുന്നു. ചാലക്കുടിയില്‍ നടന്ന പുരസ്കാര ദാനചടങ്ങില്‍ സംവിധായകനും കലാഭവന്‍ മണി ട്രസ്റ്റ് ഭാരവാഹിയുമായ സുന്ദര്‍ ദാസിന്റെ പ്രസംഗമധ്യേയാണ് അക്കാര്യം ഞാനറിഞ്ഞത്-കലാഭവന്‍ മണിക്ക് സ്മാരകം നിര്‍മ്മിക്കാനായ് ചാലക്കുടി നഗരമധ്യത്തില്‍ 12 സെന്റ് ഭുമി ഇതിനോടകം ലഭിച്ചു കഴിഞ്ഞു, മാത്രമല്ല സര്‍ക്കാര്‍ അനുവദിച്ച 3 കോടി രൂപ കലാഭവന്‍ മണി ട്രസ്റ്റിന്റെ അക്കൗണ്ടില്‍ എത്തിയും കഴിഞ്ഞു.
എത്ര വേഗത്തിലാണ് ആ അനശ്വര കലാകാരന് ആദരിക്കപ്പെട്ടത്. ഒരു നിമിഷം നസീര്‍ സാറിനെയും കോണ്‍ഗ്രസിനേയും കുറിച്ച് ഞാന്‍ അറിയാതെ ഓര്‍ത്ത് പോയി. കോണ്‍ഗ്രസ്സിലെ സാംസ്കാരിക നായകന്മാരുടെ അഭാവം എന്തുകൊണ്ടാണന്നതിന് ഞാന്‍ വേറെ ഉദാഹരണം നിരത്തേണ്ടതില്ലല്ലോ. അവഗണന അത് തന്നെയാണ് കാരണം.
കോണ്‍ഗ്രസ്സിനുമുണ്ടു് ഒരു സാംസ്കാരിക സംഘടന-‘സാംസ്കാരസാഹിതി’ എന്നാണ് പേര്. ഞാനതിന്റെ ഒരു വൈസ് ചെയര്‍മാനായപ്പോഴാണ് അവിടെ നടക്കുന്നതെന്തെന്ന് മനസ്സിലായത്. സാംസ്കാരിക സാഹിതി, അത് കോണ്‍ഗ്രസ്സിലേക്ക് പെട്ടന്ന് കടന്നു വരുന്നവര്‍ക്കുള്ള ക്വോറന്റ്റയിന് സെന്ററാണ്. ഭാരവാഹികളില്‍ കലാ സാഹിത്യ രംഗത്തുള്ളവര്‍ മരുന്നിന് പോലുമില്ല. കോണ്‍ഗ്രസ് ശൈലി മാറ്റത്തിന് തുടക്കമിട്ടുവെങ്കിലും ഇവിടെ ഇപ്പോഴും ജന്മി കുടിയാന് വ്യവസ്ഥയാണ്.
എഐസിസിയില്‍ കുറഞ്ഞ ഫോണ്‍ കോളുകള്‍ കൈ കൊണ്ടുപോലും തൊടാത്ത നേതൃത്വം, സ്ഥാനമാനങ്ങള്‍ അലങ്കാരമായ് സൂക്ഷിക്കുന്നവര്‍. ഇവര്‍ക്കേത് പ്രേംനസീര്‍..? ഇവര്‍ക്കേത് കലാഭവന്‍ മണി…? കലയെവിടെ കലാസാഹിതിയെവിടെ. ഇവിടം കാര്യക്ഷമമായാല്‍ കലയും സാഹിത്യവും ,കവിതയുമൊക്കെ സൃഷ്ടിക്കുന്ന പ്രതിഭകള്‍ കോണ്‍ഗ്രസ്സ് സംഘടനയില്‍ എത്തപ്പെടുമായിരുന്നു.
ഇവിടം നന്നായാലേ കലാകാരന്‍ന്മാര്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ വാങ്ങി കൊടുക്കാന്‍ പറ്റൂ. ഇവിടം നന്നായലേ സോഷ്യല്‍ മീഡിയായിലൂടെ കോണ്‍ഗ്രസ്സിന്റെ പ്രതികരണ ശേഷിയുള്ള പ്രതിഭകളായ സാംസ്ക്കാരിക നായകന്മാരെ നിരത്താന്‍ പറ്റൂ. ഇവിടം നന്നായാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സമൂഹത്തില്‍ അവരിലൂടെ കൂടുതല്‍ മതിപ്പ് ലഭിക്കുകയും ചെയ്യും. ശുദ്ധികലശം ഇവിടെയാണ് വേണ്ടത്, അതാണ് സത്യം.
പുതിയ കെപിസിസി പ്രസിഡന്റ് ഈ സംഘടനയുടെ അലകും പിടിയും മറ്റുമെന്ന് പ്രത്യാശിക്കാം. അല്ലെങ്കില്‍ ഇനി വരുന്ന കോണ്‍ഗ്രസ് തലമുറ പ്രേംനസീറിന്റെ കുടുബത്തോടും മറ്റു പല കലാ സാഹിത്യകാരന്മാരോടും സാംസ്കാരിക നായകന്മാരോടും മാപ്പ് പറയേണ്ടിയതായ് വരും. ഇത്രയും കാര്യങ്ങള്‍ സത്യസന്ധമായ് ഇപ്പോള്‍ തുറന്നു പറഞ്ഞത് കോണ്‍ഗ്രസ്സിലെ കലാസാംസ്കാരിക സംഘടനയില്‍ മാറ്റം അനിവാര്യമായതിനാലാണ്.
കലകരണപ്പെട്ട, ആസൂത്രണം ചെയ്തുള്ള ഫോട്ടോ ഷൂട്ടു കൊണ്ടൊന്നും ഇനിയുള്ള കാലത്ത് കാര്യമില്ല. ശൈലി മാറ്റി ജനങ്ങളിലേക്കിറങ്ങണം. കലാ സാഹിത്യ രംഗത്ത് അംഗീകാരങ്ങള്‍ ഉള്ളവര്‍ മാത്രം ഈ സംഘടനയുടെ നേതൃത്വങ്ങള്‍ അലങ്കരിച്ചാലേ ന്യൂനതകള്‍ക്ക് പരിഹാരമാകൂ, ശരിക്കുള്ള കലാകാരന്മാര് വന്നാല്‍ അവര്‍ സംഘടനയെ നേര്‍വഴിക്ക് കൊണ്ടു പോകും. ഇനി സത്യം പറഞ്ഞതിന്റെ പേരില്‍ വേണമെങ്കില്‍ എന്റെ പേരില്‍ നടപടിയാകാം. ഞാനില്ലങ്കില്‍ നാളെ മറ്റൊരാള്‍ വരും ചങ്കുറപ്പോടെ നെഞ്ചുവിരിച്ച് സത്യം പറയാന്‍. അതാണ് ചരിത്രം.