തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നാടകീയ രംഗങ്ങള്‍. യോഗത്തിലും വ്യക്തിഹത്യയിലെ വിമര്‍ശനം തന്നെയായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആയുധം. തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പരസ്പരം പഴിചാരി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ ഇനിയും ഇടവരുത്തരുതെന്ന നിലപാടായിരുന്നു രമേശ് ചെന്നിത്തലയുടേത്. യോഗം തുടരുകയാണ്.
മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ് യോഗത്തില്‍ ആദ്യം സംസാരിച്ചത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന സമീപനമായിരുന്നു മൂവരും സ്വീകരിച്ചത്.
എന്നാല്‍, എനിക്കെതിരെ വ്യക്തിപരമായുണ്ടായ ആക്ഷേപങ്ങള്‍ക്കെതിരെ മുല്ലപ്പള്ളി യോഗത്തില്‍ പരസ്യമായി വിമര്‍ശനമുന്നയിച്ചു. തോല്‍വിക്ക് കാരണം ഒരാള്‍ മാത്രമാണെന്ന് ചിത്രീകരിക്കുന്ന രീതി ശരിയല്ല. എല്ലാവര്ക്കും കൂട്ടുത്തരവാദിത്വമുണ്ട്. ഒരാളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ അധ്യക്ഷന്‍ താനായതുകൊണ്ടുതന്നെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇത് തമ്മിലടിക്കേണ്ട സമയമല്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പരാജയത്തെ നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിനോടൊപ്പം താന്‍ നില്‍ക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അത് എന്ത് തീരുമാനമാണെങ്കിലും താന്‍ അംഗീകരിക്കും. ഇനിയും പഴിചാരി മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാനുള്ള ഇടവരുത്തരുത്. കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി വോട്ടുമറിച്ചിട്ടുണ്ട്. ഇത് പല മണ്ഡലങ്ങളിലും വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ ചില നേതാക്കളെ തട്ടിയെടുക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടു. ആ കെണിയില്‍ പോയി ആരും വീഴരുത്. 60 മണ്ഡലങ്ങളില്‍ എങ്ങനെ വന്നാലും എല്‍ഡിഎഫ് ജയിക്കുന്ന തരത്തിലാണ് മണ്ഡല പുനര്‍നിര്‍ണയം ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ബൂത്തുതലം മുതല്‍ ഡിസിസി വരെ ശക്തമായ സംഘടനാ സംവിധാനമുണ്ടായാല് മാത്രമേ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനാവൂ. അതിനുള്ള നടപടികളായിരിക്കണം ഇനിയുണ്ടാവേണ്ടതെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.