തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അനൈക്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചതെന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട്. തോല്‍വിയുടെ കാരണം വ്യക്തമാക്കി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് നല്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഹുല്‍ തരംഗത്തിലുണ്ടായ വിജയം നേതാക്കള്‍ തെറ്റിദ്ധരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘നേതൃത്വത്തിലെ അനൈക്യമാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് ഈ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി പ്രവര്‍ത്തകരിലേക്കും അണികളിലേക്കും ഇത് പ്രതിഫലിച്ചു. ഗ്രൂപ്പുകളും ഗ്രൂപ്പ് നേതാക്കളും തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചു. ഇത് പരാജയത്തിന് കാരണമായി’, റിപ്പോര്‍ട്ട് ഇങ്ങനെ.
ഇടതുപക്ഷത്തെ നേരിടാന്‍ താഴെത്തട്ടില്‍ സംഘടനാ സംവിധാനം പര്യാപ്തമായിരുന്നില്ല. സംഘടനയെ ശക്തമായി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
‘ലോക്സഭാ തെരഞ്ഞെടുപ്പി്ല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് 19 സീറ്റ് ലഭിച്ചു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന തരംഗമാണ് കേരളത്തില്‍ യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍, അത് നേതാക്കള്‍ തെറ്റിദ്ധരിച്ചു. വ്യക്തിഗതമായ നേട്ടമായി ഇതിനെ കണ്ടു. തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നേതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. സമയമുണ്ടായിരുന്നിട്ടും അലംഭാവം കാണിച്ചു’, റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരാഴ്ചയ്ക്ക് മുമ്പായിരുന്നു തെരഞ്ഞെടുപ്പ് തോല്‍വിയിലെ കാരണം വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് താരിഖ് അന്‍വര്‍ അടങ്ങിയ സംഘത്തിനോട് ആവശ്യപ്പെട്ടത്. അശോച് ചവാന്ത, മനീഷ് തിവാരി, ജ്യോതി മണി, വിന്‍സെന്റ് എച്ച്, സല്മാന് ഖുര്‍ഷിദ് എന്നിവരടങ്ങുന്ന വസ്തുതാന്വേഷണ സംഘത്തിനും ഹൈക്കമാന്‍ഡ് രൂപം നല്‍കിയിട്ടുണ്ട്. ഇവര്‍ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി വിശദമായ റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കും. ശേഷമാവും നേതൃമാറ്റവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളില്‍ ഹൈക്കമാന്ടഡ് തീരുമാനത്തിലേക്ക് കടക്കുക.