ഉന്നാവോ പെൺകുട്ടിയുടെ അമ്മ കോൺഗ്രസ്സ് സ്ഥാനാർഥി; മണ്ഡലം കുൽദീപ് സിംഗ് സെംഗാറിന്റെ തട്ടകം

ഉന്നാവോയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മയെ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് നിർണായക നീക്കം പ്രഖ്യാപിച്ചത്. 2017ൽ പത്തൊമ്പത്കാരിയെ ബലാത്സംഗം ചെയ്ത ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ ജയിലിലാണ്.

2017ൽ സെംഗാർ വിജയിച്ച അതേ ബങ്കർമാവു മണ്ഡലത്തിലാണ് പെൺകുട്ടിയുടെ അമ്മ ആശാ സിംഗും സ്ഥാനാർത്ഥിയാകുക. സെംഗാർ ജയിലിലായതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു ജയിച്ചത്.

തെരഞ്ഞെടുപ്പിൽ നാൽപത് ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ‘ഈ തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടപ്പുരീതികളെ മാറ്റും. എന്നെ പ്രചോദിപ്പിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണിത്’, എന്നാണ് ഈ തിരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞിരുന്നത്.

അധികാരത്തില്‍ തുല്യപ്രാധാന്യമുള്ള പങ്കാളികളാവുന്ന സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവണമെന്നും വിദ്വേഷ രാഷ്ട്രീയത്തെ വനിതാ നേതാക്കള്‍ അവസാനിപ്പിക്കുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു.

പ്രിയങ്കയെ മുൻനിർത്തി സ്ത്രീ വോട്ടര്‍മാരെ ചേർത്തുപിടിച്ച് പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. രാജ്യമൊട്ടാകെയും യു.പിയില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിൽ സ്ത്രീകളോട് ഒരു മാറ്റം സാധ്യമാണെന്നാണ് പ്രിയങ്ക ആഹ്വാനംചെയ്യുന്നത്ത്. ‘സ്ത്രീകളോട് എനിക്ക് പറയാനുള്ളത് ഞാന്‍ അവര്‍ക്കുവേണ്ടി പോരാടും എന്നാണ്’, എന്ന് യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരിലെ റാലിക്കിടെ പ്രിയങ്ക പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.