‘പക്ഷപാതപരമായി പെരുമാറുന്നു’; താരിഖ് അന്‍വറിനെതിരെ ഗ്രൂപ്പുകള്‍; മൂന്ന് പതിറ്റാണ്ടിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പും ആവശ്യം

തിരുവനന്തപുരം: ഡി.സി.സി പട്ടികയെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ക്കിടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍. താരിഖ് അന്‍വര്‍ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് പ്രധാന ആരോപണം. ഇദ്ദേഹത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാനൊരുങ്ങുകയാണ് നേതാക്കള്‍.

ഡി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ താരിഖ് അന്‍വര്‍ കൃത്യതയോടെ കൈകാര്യം ചെയ്തില്ലെന്നും ആരോപണമുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും താരിഖ് അന്‍വര്‍ പരിഗണിച്ചില്ല, പരസ്യ നിലപാടെടുത്ത ചില നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഗ്രൂപ്പുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധികളുടെ പരിഹാരം സംഘടനാ തെരഞ്ഞെടുപ്പാണെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട്. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ വിഷയം ചര്‍ച്ചയാക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനമെന്നാണ് സൂചന.

അച്ചടക്ക നടപടിയില്‍ കെ.പി.സി.സി ഇരട്ട നീതി നടപ്പാക്കുകയാണ്. കെ.സി വേണുഗോപാലിനെ അപമാനിച്ച പി.എസ് പ്രശാന്തിനെതിരെ നടപടിയെടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ആക്ഷേപിച്ച് സംസാരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടിയൊന്നുമുണ്ടാകാത്തതും ഗ്രൂപ്പുകളെ ചൊടിപ്പിക്കുന്നുണ്ട്.

Also Read: ‘ഞങ്ങള്‍ക്ക് എ.കെ.ജി സെന്ററില്‍നിന്ന് മാര്‍ഗനിര്‍ദ്ദേശം വേണ്ട’; ഉപദേശിക്കാന്‍ വരേണ്ടെന്ന് സിപിഐഎമ്മിനോട് വി.ഡി സതീശന്‍

1991-ലായിരുന്നു കോണ്‍ഗ്രസിനെ ഇളക്കിമറിച്ചുകൊണ്ട് അവസാന സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. വയലാര്‍ രവിയെ എ ഗ്രൂപ്പില്‍നിന്ന് സ്വന്തം പാളയത്തിലെത്തിച്ചായിരുന്നു കെ കരുണാകരന്‍ അന്നതിന് നേതൃത്വം നല്‍കിയത്. വയലാര്‍ രവിയും എ.കെ ആന്റണിയും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനുവേണ്ടി മത്സരിക്കുകയും ആന്റണി പരാജയം ഏറ്റുവാങ്ങുകയുമായിരുന്നു. അതിന് ശേഷം കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടന്നിട്ടില്ല. പിന്നീട് ആദ്യമായാണ് സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം എ,ഐ ഗ്രൂപ്പുകളുടെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. നോമിനേഷന്‍ രീതിയിലാണ് നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാറുള്ളത്.