‘പാര്‍ട്ടിയില്‍ പറയേണ്ടത് പത്രസമ്മേളനത്തില്‍ പറഞ്ഞു’; ‘കെട്ടിയിറക്കലില്‍’ സുധാകരനെതിരെ തിരിഞ്ഞ് എ, ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതില്‍ ഇടഞ്ഞ് എ, ഐ ഗ്രൂപ്പുകള്‍. കെപിസിസി യോഗത്തിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മറുപടി പറഞ്ഞതിലാണ് വിയോജിപ്പ്. നേതൃത്വം ഏകാധിപത്യപരമായി പെരുമാറുന്നതിന് ഉദാഹരണമാണ് ഇത്തരം നടപടികളെന്ന കുറ്റപ്പെടുത്തലും ഉയരുന്നുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പുനഃസംഘടന ആവശ്യമില്ലെന്നാണ് കെപിസിസി വിശാല നേതൃ യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ നിലപാടെടുത്തത്. ഇതോടെയാണ് കെപിസിസി അധ്യക്ഷനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള വാക്‌പോരുകള്‍ക്ക് തുടക്കമായത്. ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നായിരുന്നു സുധാകരന്‍ അന്നെടുത്ത തീരുമാനം. യൂണിറ്റ് കമ്മിറ്റികള്‍ കെ.എസ് ബ്രിഗേഡുകളാണെന്ന ബെന്നി ബെഹനാന്റെ ഗുരുതര ആരോപണത്തോട്, പിണറായിയോട് സംസാരിക്കുന്ന ഭാഷ തന്നോടുവേണ്ടെന്നുപോലും അദ്ദേഹം കടുപ്പിച്ചു.

ഇതിന് പിന്നാലെയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ ഗ്രൂപ്പ് നേതാക്കളെ നിശിതമായി വിമര്‍ശിക്കുകയും പുനഃസംഘടനയുമായിത്തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അറിയിക്കുകയും ചെയ്തത്. ഗ്രൂപ്പുകളുടെ എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ സുധാകരന്‍ നാമനിര്‍ദ്ദേശ രീതിയെ എതിര്‍ക്കുന്നവരും മുകളില്‍നിന്നും കെട്ടിയിറക്കപ്പെട്ടവരാണെന്നും പരിഹസിച്ചിരുന്നു.
ഈ പരസ്യ വിമര്‍ശനങ്ങളാണ് ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചത്.

Also Read: ഫസല്‍ വധത്തിന്റെ ആസൂത്രകര്‍ കാരായിമാര്‍ തന്നെയെന്ന് സിബിഐ; റിപ്പോര്‍ട്ട് ഒമ്പത് വര്‍ഷത്തിന് ശേഷം ഇരുവരും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെ

പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് യോഗത്തില്‍ പറഞ്ഞ സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയപ്പോള്‍ ഹൈക്കമാന്‍ഡിന്റെ അനുമതിയുണ്ടെന്ന് അറിയിച്ചത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ വിമര്‍ശനം. നേതൃത്വത്തിന്റെ ഏകാധിപത്യ ശൈലിയാണ് വെളിവാകുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് ഗ്രൂപ്പുകള്‍. നിര്‍വ്വാഹക സമിതിയിലെ ഭൂരിപക്ഷ പിന്തുണയും ഡിസിസി അധ്യക്ഷന്മാരുടെ പൂര്‍ണ പിന്തുണയും ഉറപ്പിച്ച് തീരുമാനവുമായി മുന്നോട്ടുപോകാനാണ് സുധാകരന്റെ നീക്കം.