ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ എത്തിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നെന്ന് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന് വേണ്ടാ എന്ന നിലപാട് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അശോക് ചവാന് സമിതിക്ക് മുന്നിലും കേരളത്തില്‍നിന്നുള്ള ഗ്രൂപ്പുകള്‍ ഇക്കാര്യം വ്യക്തമാക്കിയെന്നാണ് വിവരം.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് ചദളിത് വിഭാഗത്തില്‍നിന്നൊരാളെ എത്തിക്കുന്നത് ഒരു മികച്ച സന്ദേശത്തിനുള്ള തുടക്കമാവും എന്നാണ് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരിക്കുന്ന വാദങ്ങളിലൊന്ന്. കേരളത്തില്‍ ഇതുവരെ ദളിത് വിഭാഗത്തില്‍നിന്നുള്ള ഒരാളെ അധ്യക്ഷ സ്ഥാനത്തെത്തിച്ചിട്ടില്ല.
കെ സുധാകരന് കെപിസിസി തലപ്പത്തേക്ക് വരുന്നതില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കടുത്ത എതിര്‍പ്പുണ്ടെന്നാണ് വിവരം. ഈ എതിര്‍പ്പിന്റെ കൂടി പശ്ചാത്തലത്തില്‍ക്കൂടിയാണ് ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി കൊടിക്കുന്നിലിനുവേണ്ടി നേതൃത്വത്തിന്റെ മുന്നിലെത്തിയിരിക്കുന്നത്. ഐ ഗ്രൂപ്പില്‍ ഒരു പ്രബല വിഭാഗം സുധാകരന് എതിരാണ്. അവരുടെയും ചെന്നിത്തലയുടെയും പിന്തുണ കൊടിക്കുന്നില്‍ സുരേഷിനുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും ഇതോടൊപ്പമുണ്ടെന്നാണ് വിവരം.
ദളിത് പ്രാധിനിത്യം എന്ന കാര്യമാണ് ഗ്രൂപ്പികള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അശോക് ചവാന് സമിതി തെളിവെടുപ്പും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തണം എന്ന കാര്യത്തില്‍ നേതാക്കളുടെ അഭിപ്രായവും ചോദിച്ചിരുന്നു. എംപിമാരുടെയും എംഎല്‍എമാരുടെയും നിലപാടും സമിതി ആരാഞ്ഞിരുന്നു. ഇതില്‍ ഭൂരിപക്ഷം പേരും കൊടിക്കുന്നിലിന്റെ പേരാണ് ഉയര്‍ത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, കോണ്‍ഗ്രസിന് ഉള്ളില്‍നിന്നും പുറത്തുനിന്നും കെ സുധാകരന് വേണ്ടി ആവശ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇത് കാണാതെ പോകരുതെന്ന അഭിപ്രായം ചില നേതാക്കള്‍ക്കുണ്ട്.
എന്നാല്‍, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ തെരഞ്ഞെടുത്ത രീതിയില്‍ വിയോജിപ്പുകളുള്ള ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയ നേതാക്കളെയും ഗ്രൂപ്പുകളെയും പിണക്കി ഒരു തീരുമാനം കൂടി എടുക്കുക എന്നത് ഹൈക്കമാന്‍ഡിനെ സംബന്ധിച്ചിടത്തോളം ശ്രമകരമാവും.