ഫലം പുറത്ത് വന്നതിന് പിന്നാലെ അസം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജിവെച്ചു; മുല്ലപ്പള്ളിയും സമാനവഴിക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു ഹൈക്കമാന്‍ഡ്

ന്യൂദല്‍ഹി: അസമിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ റിപുണ്‍ ബോറ രാജിവെച്ചിരുന്നു. സമാന രീതിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രാജിവെക്കുമെന്ന് ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സ്വയം രാജിവെക്കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളി സ്ഥാനം ഒഴിയാനിടയുണ്ട്.

സ്ഥാനമൊഴിണമെന്ന് നേതൃത്വം അനൗപചാരികമായി ആവശ്യപ്പെട്ടതായി വിശ്വസനീയ കേന്ദ്രങ്ങള്‍ ന്യൂസ്റപ്റ്റിനോട് പറഞ്ഞു. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളിയുടെ സ്വമേധയാ ഉള്ള രാജിയുണ്ടാവന്നില്ലെങ്കില്‍ ഇക്കാര്യം ഔപചാരികമായി ആവശ്യപ്പെടാനാണ് തീരുമാനം.

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാജിവെക്കുമെന്നാണ് കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല്‍ ഇതുവരെ മുല്ലപ്പള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സ്വമേധയാ ഉള്ള രാജി വൈകുകയാണെങ്കില്‍ രാജിക്ക് കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തും.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ത്തന്നെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേരളത്തിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തുടര്‍ച്ച നേടിയപ്പോള്‍ യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങി. 22 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.