ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും രാജസ്ഥാനിലെയും പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ചത്തീസ്ഗഡിലും പ്രശ്നമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിനെ 2.5 വര്‍ഷ ഫോര്‍മുലയെ തുടര്‍ന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ ഭരണകക്ഷി തള്ളി.
ജൂണ്‍ 17ന് ഭൂപേഷ് ഭാഗെല്‍ മുഖ്യമന്ത്രിയായി 2.5 വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പകരം ആരോഗ്യമന്ത്രിയായ ടിഎസ് സിങ് ദിയോ മുഖ്യമന്ത്രിയാവാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു ഫോര്‍മുല ഇല്ലെന്നും ഭൂപേഷ് ഭാഗെല്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതികരണം. 2.5 വര്‍ഷ ഫോര്‍മുല എന്ന പ്രചരണം അടിസ്ഥാനമില്ലാത്തതും വാസ്തവവിരുദ്ധവുമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിഎല്‍ പുനിയ പറഞ്ഞു. എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ടിഎല്‍ സിങ് ദിയോയും പുനിയയുടെ പ്രതികരണത്തെ പിന്തുണച്ചാണ് സംസാരിച്ചത്. താന്‍ റായ്പൂരില്‍ വളരെ സന്തുഷ്ടനാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ എങ്ങനെയാണ് വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതെന്ന് നോക്കൂവെന്ന് താന്‍ പുനിയയോട് സംസാരിച്ചെന്ന് ടിഎല്‍ സിങ് ദിയോ പറഞ്ഞു.
മൂന്ന് തവണ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ബിജെപിയ്ക്കെതിരെ വലിയ വിജയം നേടിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. അന്ന് രാഹുല്‍ ഗാന്ധിയാണ് ഭൂപേഷ് ഭാഗെലിനോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടത്.