അഹമ്മദാബാദ്: ഗുജറാത്തില്‍ നേതൃമാറ്റം നടത്താനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പുതിയ സംസ്ഥാന അധ്യക്ഷനെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയെയും തെരഞ്ഞെടുക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. കഴിഞ്ഞ തവണ സംഭവിച്ചത് പോലെ കുറച്ച് സീറ്റുകള്‍ക്ക് അധികാരം നഷ്ടപ്പെട്ട അവസ്ഥ ഇക്കുറി ഉണ്ടാകരുതെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്ക് കൈമാറിയിരിക്കുന്നത്.
മാര്‍ച്ചില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അമിത് ചാവ്ദയും നിയമസഭ കക്ഷി നേതാവായിരുന്ന പരേഷ് ദനാനിയും രാജിവെച്ചിരുന്നു. പുതിയ നേതൃത്വം വരുന്നത് വരെ ഇരുവരോടും തല്‍സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു രാജീവ് സത്താ പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ച് രാജീവ് സത്താ അന്തരിക്കുകയായിരുന്നു. അതിനാല്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയെയും ഉടന്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയില്‍ ബിജെപി 99 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 77 സീറ്റുകളാണ് നേടിയത്. പത്തോളം സീറ്റുകളില്‍ കോണ്‍ഗ്രസ് ആയിരത്തിന് താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
ഹൈക്കമാന്‍ഡ് നേതൃമാറ്റത്തിന് തയ്യാറെടുത്തതോടെ വിവിധ നേതാക്കള്‍ അധ്യക്ഷ സ്ഥാനം ലഭിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശക്തിസിങ് ഗോഹില്‍, ഭാരത് സിങ് സോളങ്കി, അര്ജുന് മോധ്വാദിയ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. ഭാരത് സിങ് സോളങ്കി രണ്ട് ദിവസം ദല്‍ഹിയിലുണ്ടായിരുന്നു.
അവിനാശ് പാണ്ഡെ, മോഹന്‍ പ്രകാശ്, ബികെ ഹരിപ്രസാദ് എന്നിവരുടെ പേരാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിയമസഭ കക്ഷി നേതാവായിരുന്ന പരേഷ് ദനാനി തന്നെ തുടര്‍ന്നേക്കും.