ശിവ്പാല്‍ യാദവുമായി സഖ്യത്തിലെത്താന്‍ യുപി കോണ്‍ഗ്രസ്; ആര്‍എല്‍ഡിയുമായി കൈകോര്‍ക്കാനും ശ്രമം

യുപിയില്‍ എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിതൃസഹോദരന്‍ ശിവ്പാല്‍ യാദവ് നേതൃത്വം നല്‍കുന്ന പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യത്തിലെത്തിയേക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ സംസാരം. ശിവ്പാല്‍ യാദവ് നയിക്കുന്ന സാമാജിക് പരിവര്‍ത്തന്‍ യാത്രക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

ഇറ്റാവ, മെയിന്‍പുരി, ചമ്പല്‍ മേഖലകളില്‍ ശിവ്പാല്‍ യാദവിന് രാഷ്ട്രീയ സ്വാധീനമുണ്ട്. അതോടൊപ്പം തന്നെ ആര്‍എല്‍ഡിയുമായി സഖ്യത്തിലെത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡ യുപിയിലെ ജാട്ട് നേതാക്കളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവാണ്. ദീപേന്ദര്‍ വഴി ആര്‍എല്‍ഡിയുമായി സഖ്യം സാധ്യമാക്കാനാവുമോ എന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതേ സമയം ആര്‍എല്‍ഡി എസ്പിയുമായും സഖ്യചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളിലൊന്നായി കോണ്‍ഗ്രസിനെ മാറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറഞ്ഞു. ചെറുപാര്‍ട്ടികളുമായി സഖ്യത്തിലെത്താനുള്ള ആലോചന മോശം ആലോചനയല്ലെന്നും അതേ സമയം സഖ്യ ആലോചനകള്‍ ആരംഭിച്ചോ എന്ന് ഔദ്യോഗികമായി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എല്‍ഡിയുമായി സഖ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന യുപിയിലെ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ സഹായിക്കും. സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ മുന്നില്‍ അണിനിരക്കാന്‍ പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നുണ്ട്. ലഖിംപൂര്‍ ഖേരിയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധി കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങിലുമെത്തിയിരുന്നു.