ആര്‍എസ്പിയെ പിണക്കാതെ കോണ്‍ഗ്രസ്; പരാതിക്ക് ഉടന്‍ പരിഹാരമെന്ന് സുധാകരനും സതീശനും മുരളീധരനും

തിരുവനന്തപുരം: ഇടഞ്ഞുനില്‍ക്കുന്ന ആര്‍എസ്പിയെ ഉടന്‍ അനുനയിപ്പിക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഉഭയകകക്ഷി ചര്‍ച്ചകള്‍ നടത്തണമെന്ന ആര്‍എസ്പിയുടെ ആവശ്യം പരിഗണിക്കുമെന്നാണ് നേതാക്കള്‍ വിവിധയിടങ്ങളിലായി പറഞ്ഞത്. യുഡിഎഫ് യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള ആര്‍എസ്പിയുടെ തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം.

കോണ്‍ഗ്രസിനകത്തുള്ള പ്രതിസന്ധികളില്‍ ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. ഷിബു ബേബി ജോണ്‍ സദുദ്ദേശത്തോടെയാണ് ആരോപണമുന്നയിച്ചതെന്നാണ് കരുതുന്നത്. അത് അവരുമായി ചര്‍ച്ച ചെയ്യും. ഘടകകക്ഷികളുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറയുന്നു.

യുഡിഎഫില്‍ തര്‍ക്കമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കുന്നത്. നേതാക്കളുടെ തിരക്കുകള്‍ കാരണമാണ് ആര്‍എസ്പി ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ചര്‍ച്ച വൈകിയത്. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഉടനുണ്ടാകും. നിലവിലെ തര്‍ക്കങ്ങളൊന്നും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പിയെ സംബന്ധിച്ച് ചില പ്രയാസങ്ങളുണ്ട് എന്നത് വസ്തുതയാണെന്ന അഭിപ്രായമാണ് കെ മുരളീധരന്‍ എം.പിക്ക്. ആര്‍എസ്പി മത്സരിച്ച അഞ്ച് സീറ്റില്‍ ഒരിടത്തുപോലും വിജയിക്കാനായില്ല. തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിനുമുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണും. കാലുവാരിയ ഒരു കോണ്‍ഗ്രസുകാരനും പാര്‍ട്ടിയില്‍ കാണില്ലെന്നും മുരളീധരന്‍ തറപ്പിച്ചുപറയുന്നു.

Also Read: ‘ഞങ്ങള്‍ക്ക് എ.കെ.ജി സെന്ററില്‍നിന്ന് മാര്‍ഗനിര്‍ദ്ദേശം വേണ്ട’; ഉപദേശിക്കാന്‍ വരേണ്ടെന്ന് സിപിഐഎമ്മിനോട് വി.ഡി സതീശന്‍

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉഭയകകക്ഷി ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യം പരിഗണിക്കാത്തതിലാണ് ആര്‍എസ്പിയുടെ പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി ആര്‍എസ്പി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രഹസനമായി മാറിയ യുഡിഎഫ് കമ്മിറ്റികളില്‍ പോയിരിക്കാനാവില്ലെന്ന് ഷിബു ബേബി ജോണും പറഞ്ഞിരുന്നു.

യുഡിഎഫ് തെറ്റുതിരുത്തണമെന്നും ഇപ്പോഴത്തെ രീതികള്‍ ശുഭകരമാവില്ലെന്നും വ്യക്തമാക്കി ജൂലൈ 28ന് ആര്‍എസ്പി യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കത്ത് നല്‍കി 40 ദിവസമായിട്ടും യുഡിഎഫ് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനോ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനോ തീരുമാനങ്ങളെടുക്കാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് മുന്നണി യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലേക്ക് ആര്‍എസ്പി കടന്നത്.