‘ഫ്‌ളക്‌സ് ബോര്‍ഡുകളില്‍നിന്ന് താഴെയിറങ്ങണം, സ്റ്റേജില്‍ തള്ളിക്കയറരുത്’; കോണ്‍ഗ്രസുകാരെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി മാര്‍ഗ്ഗരേഖ

തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമഗ്ര മാറ്റത്തിനായുള്ള മാര്‍ഗ്ഗരേഖയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസ് മാറുന്നതിന്റെ സൂചനയായിട്ടാണ് നിര്‍ണായക നിര്‍ദ്ദേശങ്ങളോടെ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിക്കുന്നത്. ഡി.സി.സി അധ്യക്ഷന്മാരുടെ ശില്‍പശാലയില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസാണ് മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്.

ആള്‍ക്കൂട്ടത്തിന്റെ പാര്‍ട്ടി എന്നതില്‍നിന്നും കേഡര്‍ പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റുമെന്ന് വിവിധ ഘട്ടങ്ങളില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു. ഇതിന് മുന്നോടിയെന്നോണമാണ് അടിമുടി മാറ്റത്തിനായി മാര്‍ഗ്ഗരേഖ അവതരിപ്പിച്ചിരിക്കുന്നത്.

താഴേത്തട്ടില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉദ്ദേശിച്ച് മുഴുവന്‍ സമയ കേഡര്‍മാരെ നിയോഗിക്കാനാണ് തീരുമാനം. ഈ കേഡര്‍മാര്‍ക്ക് പ്രതിമാസം ഇന്‍സെന്റീവ് നല്‍കുമെന്നതാണ് മാര്‍ഗ്ഗരേഖയിലെ പ്രധാന ആകര്‍ഷണം. താഴേത്തട്ടില്‍ പാര്‍ട്ടിയെ സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലടക്കം ബൂത്ത്-ഡി.സി.സി നേതൃത്വത്തില്‍ ജനങ്ങളിലേക്ക് പാര്‍ട്ടിയെ അടുപ്പിക്കാനുളള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഇനി കടലാസില്‍ ഒതുങ്ങില്ല. ബൂത്ത് തല പ്രവര്‍ത്തനം ആറുമാസംകൂടുമ്പോള്‍ വിലയിരുത്തും. ഇതിന്റെ ഉത്തരവാദിത്വം ഡി.സി.സി അധ്യക്ഷന്മാര്‍ക്കാണ്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡി.സി.സി നേതൃത്വം അക്കാര്യം കെ.പി.സി.സിയെ അറിയിക്കുകയും തിരുത്തല്‍ നടപടികളിലേക്ക് കടക്കുകയും വേണമെന്നാണ് മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വ്യക്തിപരമായ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ നേരിട്ട് കെ.പി.സി.സിയെ സമീപിക്കുന്നതിന് പകരം ജില്ലാ തലങ്ങളില്‍ പരാതി പരിഹാര സമിതികള്‍ രൂപീകരിക്കും. ഗൗരവമേറിയ വിഷയങ്ങളില്‍ മാത്രമാവും കെ.പി.സി.സി ഇടപെടുക.

ഫ്‌ളക്‌സുകള്‍ വെക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായും മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശമുണ്ട്. ആരും വ്യക്തിപരമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കരുത്. മണ്ഡലം കമ്മിറ്റിയുടേയോ ഡി.സി.സിയുടേയോ അനുവാദമില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

Also Read: ‘സംഘപരിവാറുമായി സന്ധി ചെയ്താണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്’; രണ്ട് കൂട്ടരെയും തുറന്നുകാട്ടി തൊലിയുരിക്കാനുള്ള അവസരമാണെന്ന് കെ സുധാകരന്‍

പൊതുപരിപാടികളില്‍ സ്റ്റേജില്‍ ഉള്‍പ്പെടുത്തേണ്ട നേതാക്കളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിപരിപാടികളിലേക്ക് വ്യക്തികള്‍ സംസ്ഥാന നേതാക്കളെ നേരിട്ട് ബന്ധപ്പെടുന്ന രീതി മാറ്റണം. ബൂത്ത്-മണ്ഡലം-ഡി.സി.സി നേതൃത്വങ്ങളുടെ അനുമതിയില്ലാതെ വ്യക്തികള്‍ ഇത്തരം ക്ഷണം നടത്തരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തി വിരോധത്തിന്റെ പേരില്‍ ആരെയും കമ്മിറ്റികളില്‍നിന്നും ഒഴിവാക്കരുതെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

അണികളെയും നേതാക്കളെയും ഓഡിറ്റ് ചെയ്യാനാണ് സംസ്ഥാന നേതൃത്വത്തിന്റെ മറ്റൊരു നിര്‍ണായക തീരുമാനം. ഇവയിലൂടെ പാര്‍ട്ടിയെ കൂടുതല്‍ ചലനാത്മകമാക്കുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത്. മാര്‍ഗ്ഗരേഖയിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഡി.സി.സി അധ്യക്ഷന്മാരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഈ മാര്‍ഗ്ഗരേഖ പുതുക്കാനും മുന്നോട്ടുപോകാനുമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.