ഉത്തര്‍പ്രദേശില്‍ ഗാന്ധി ജയന്തി ദിനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കോണ്‍ഗ്രസ്; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രിയങ്ക സംസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ലഖ്‌നൗവില്‍ നിന്നായിരിക്കും പ്രചരണം ആരംഭിക്കുക.

പ്രചാരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം ഈയാഴ്ചയുണ്ടാവും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന യോഗത്തിലാണ് അവസാന ചിത്രമാവുക. സെപ്തംബര്‍ 10-11 തിയ്യതികളിലാണ് പ്രിയങ്ക സംസ്ഥാനത്തുണ്ടാവുക.

പാര്‍ട്ടി ഭാരവാഹികളുമായും വിവിധ സമിതികളുമായും പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ചകള്‍ തീരുമാനിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന വിഷയം.

ഒക്ടോബര്‍ 2ന് ലഖ്‌നൗവില്‍ വലിയ റാലിയോടെ പ്രചാരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഈ റാലിയില്‍ പ്രിയങ്ക ഗാന്ധിയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.

സംസ്ഥാനത്ത് ഒരു തിരിച്ചുവരവ് നടത്താനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 2017ല്‍ എസ്പിയോടൊപ്പം സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഏഴ് സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.

ഇത്തവണ വലിയ പാര്‍ട്ടികളോടൊന്നും സഖ്യമുണ്ടാക്കാതെയാവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു വ്യക്തമാക്കിയിരുന്നു. അതേ സമയം ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും പറഞ്ഞിരുന്നു.

2017 തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തവര്‍ക്കെല്ലാം ഇത്തവണയും സീറ്റ് നല്‍കിയേക്കും. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി നിരവധി പരിശീലന ക്യാമ്പുകളുമാണ് ഇത്തവണ സംഘടിപ്പിച്ചത്.