മുന്‍ സിപിഐഎം എം.എല്‍.എയെയും ചെറിയാന്‍ ഫിലിപ്പിനെയും പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; ബിജെപി നേതാക്കളുമായും ചര്‍ച്ച

തിരുവനന്തപുരം: പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം മറികടക്കാന്‍ സിപിഐഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും നേതാക്കളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ ശ്രമം ആരംഭിച്ച് കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡണ്ടിന്റെയും മുതിര്‍ന്ന നേതാക്കളുടെയും നേതൃത്വത്തിലാണ് ഈ നീക്കങ്ങള്‍.

പഴയ കോണ്‍ഗ്രസ് നേതാവ് കൂടിയായ ചെറിയാന്‍ ഫിലിപ്പിനെ ഇപ്പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. പുസ്തക രചനയുടെ തിരക്കിലാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തില്‍ സജീവമാവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ടതിന് ശേഷം ചേര്‍ത്ത് നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ രാഷ്ട്രീയമായി ആക്രമിച്ച് ചെറിയാന്‍ ഫിലിപ്പ് തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും സ്ഥാനം വേണ്ടെന്ന നിലപാട് സ്വീകരിച്ച് ഇനി സഹയാത്രിക റോളില്‍ തന്നെ പ്രതീക്ഷിക്കേണ്ട എന്ന സന്ദേശമാണ് ചെറിയാന്‍ ഫിലിപ്പ് നല്‍കിയതെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഇടഞ്ഞുനില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ അനുനയിപ്പിക്കാന്‍ സിപിഐഎം ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈയൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം.

മധ്യകേരളത്തിലെ മുന്‍ സിപിഐഎം എം.എല്‍.എയുമായി ഇതിനിടെയാണ് കോണ്‍ഗ്രസ് ചര്‍ച്ച ആരംഭിച്ചത്. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് സിപിഐഎമ്മിലെത്തി മൂന്ന് തവണ എം.എല്‍.എയായ ഈ നേതാവിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് അച്ചടക്ക നടപടി.

ഈ സാഹചര്യത്തിലാണ് ഈ നേതാവിനെ കോണ്‍ഗ്രസ് ബന്ധപ്പെട്ടത്. കെ.പി.സി.സി പ്രസിഡണ്ട് ഒരു റൗണ്ട് ചര്‍ച്ച നടത്തി കഴിഞ്ഞു. പാര്‍ട്ടിയില്‍ വേണ്ട പരിഗണന നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. ബിജെപിയില്‍ നിന്ന് ഇടഞ്ഞുനില്‍ക്കുന്ന പ്രമുഖ നേതാക്കളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്.