തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിന് പിന്നാലെ കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ രൂക്ഷമാവുന്നു. കെപിസിസി, ഡിസിസി തലത്തിലുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ കമ്മിറ്റികള്‍ നിഷ്ക്രിയമാണെന്നും ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണ് കമ്മിറ്റികള്ക്കെന്നുമുള്ള വിമല്ശനം വെള്ളിയാഴ്ച ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതിയില്‍ ഉയര്‍ന്നു. ജംബോ കമ്മിറ്റികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന അഭിപ്രായമാണ് പല നേതാക്കള്‍ക്കുമുള്ളത്.
ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും ഗ്രൂപ്പുകള്‍ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രാഷ്ട്രീയകാര്യ സമിതിയില്‍ തുറന്നടിച്ചു. എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.
തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് എംഎല്‍എമാര്‍, മണ്ഡലത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി അധ്യക്ഷന്മാര് എന്നിവരോട് പാര്‍ട്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയ കാര്യസമിതിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാവും ജംജോ കമ്മിറ്റികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
തെരഞ്ഞെടുപ്പ് ഫലം വിശദമായി വിശകലനം ചെയ്യാന്‍ രാഷ്ട്രീയ കാര്യസമിതി വരുന്ന 18,19 തിയതികളില്‍ വീണ്ടും ചേരുന്നുണ്ട്. ഈ യോഗത്തില്‍ എഐസിസി പ്രതിനിധികളും പങ്കെടുക്കും. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിക്കാണ് നീക്കം നടക്കുന്നത്.