‘സ്ഥാനമാറ്റം വേണം’; കോണ്‍ഗ്രസില്‍ കലാപം, സ്ഥാനാര്‍ത്ഥികള്‍ ഹൈക്കമാന്‍ഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട അതിദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം. അധികാര സ്ഥാനങ്ങളിലുള്ളവര്‍ മാറണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ പലരും ഹൈക്കമാന്‍ഡിനോട് പരാതി ബോധിപ്പിച്ചുവെന്നാണ് സൂചന. കോണ്‍ഗ്രസ് സംഘടന സംവിധാനം ദുര്‍ബലപ്പെട്ടെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു.

അലപ്പുഴ ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് എം ലിജു രാജിവെച്ചു. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി എംജി ബിജുവും രാജിവെച്ചിട്ടുണ്ട്. മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് എംജി ബിജുവിന്റെ രാജി.

പ്രാദേശിക നേതൃത്വത്തെ വിശ്വസിക്കാതെ ഇനി മുന്നോട്ട് പോകരുത്. പ്രാദേശിക വികാരം മനസിലാക്കണം. മേല്‍ തട്ടില്‍ നിന്നുള്ള തീരുമാനങ്ങള്‍ അടിച്ചേല്‍പ്പില്‍ക്കുന്ന പ്രവണത മാറണമെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.

ജനവിധിയെ ബഹുമാനപൂര്‍വം അംഗീകരിക്കുന്നുവെന്നും ഒരു ജനവിധിയും സ്ഥിരമല്ലെന്നുമാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു.1967ല്‍ കോണ്‍ഗ്രസ് അംഗസംഖ്യ ഒമ്പത് ആയി ചുരുങ്ങിയെന്ന് ഓര്‍മ്മിപ്പിച്ച ആന്റണി അന്ന് നടത്തിയത് പോലുള്ള ഊര്‍ജ്ജിത നീക്കം ഉണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്.