ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങവെ, യുപി കോണ്‍ഗ്രസിലും കൊഴിഞ്ഞുപോക്ക്. മുന്‍ കേന്ദ്രമന്ത്രിയും യുപിയിലെ കോണ്‍ഗ്രസ് നേതാവുമാ ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 തിരുത്തല്‍ വാദികളില്‍ ഒരാളാണ് ജിതിന് പ്രസാദ്.
ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു ജിതിന് ബിജെപി ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. നേരത്തെ കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയുഷ് ഗോയലുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് അനുമതി നല്കിയ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ജെപി നദ്ദയ്ക്കും മറ്റ് നേതാക്കള്‍ക്കും എന്റെ നന്ദി. എന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമാണിത്. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനിച്ചതാണിത്. ദേശീയ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് ബിജെപി’, ഏറെനാളത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ച് ബിജെപി പാളയത്തിലെത്തിയ ജിതിന് പ്രസാദ അംഗത്വമെടുത്തതിന് ശേഷം പറഞ്ഞതിങ്ങനെ.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജിതിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന ജിതിന്, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍നിന്നും അകല്‍ച്ചയിലായിരുന്നെന്നാണ് വിവരം. മധ്യപ്രദേശില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ ബിജെപിയിലെത്തുന്ന രണ്ടാമത്തെ രാഹുല്‍ ടീം അംഗമാണ് ജിതിന് പ്രസാദ.
ഗാന്ധി കുടുംബത്തിന്റെ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തയച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ജിതിനെതിരെ വിമത ശബ്ദങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ വിയോജിപ്പില്‍ വിശദീകരണം ആവശ്യപ്പെട്ട് യുപിയിലെ ലക്ഷ്മിപൂര്‍ ഖേരി യൂണിറ്റ് പ്രമേയം പാസാക്കിയിരുന്നു. യുപി കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായി തന്നെ പരിഗണിക്കാതെ അജയ് കുമാര്‍ ലല്ലുവിനെ നിയമിച്ചതും ജിതിന് പ്രസാദയെ ചൊടിപ്പിച്ചിരുന്നു.
2019ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം ധൗറ സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പിന്നീട് സജീവമായിരുന്നില്ല. സംസ്ഥാനത്തെ ബ്രാഹ്മിണ സമുദായത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ താന്‍ രൂപം നല്കിയ ബ്രാഹ്മിണ്‍ ചേതന പരിഷത്തില്മാത്രമായി ജിതിന്റ പ്രവര്ത്തനങ്ങളൊതുങ്ങുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് രാജ്നാഥ് സിങിനെതിരെ ലക്നൗവില്‍ ഒരു ബ്രാഹ്മണ നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങളുമായി ബന്ധപ്പെട്ടും ജിതിന് പ്രസാദ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രാജ്നാഥ് സിങിനെതിരെ മത്സരിച്ച് ജയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ധാരണയുണ്ടായിരുന്ന ജിതിന് തന്റെ സ്ഥാനാര്ത്ഥ്യത്തില്ത്തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രസാദ ധൗറ സീറ്റില്‍ നിന്ന് മത്സരിക്കുകയും തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിടുകയുമായിരുന്നു.
2001ല്‍ ഇന്ത്യന്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിട്ടായിരുന്നു ജിതിന് പ്രസാദയുടെ രാഷ്ട്രീയ ഉദയം. 2004ല്‍ ഷഹ്ജന്പുരില്നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2008-ല്‍ കേന്ദ്ര സഹമന്ത്രിസ്ഥാനവും ലഭിച്ചു.
2009ല്‍ ധൗറയില്നിന്നും മത്സരിച്ച് വീണ്ടും വിജയിച്ച് ലോക്സഭയിലെത്തി. 2009 മുതല്‍ 2011 വരെ കേന്ദ്ര ഗതാഗത സഹമന്ത്രിയായി. 2011 മുതല്‍ 2012 വരെ പെട്രോളിയം സഹമന്ത്രിയായും 2012 മുതല്‍ 2014 വരെ മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.