‘സംഘപരിവാറുമായി സന്ധി ചെയ്താണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്’; രണ്ട് കൂട്ടരെയും തുറന്നുകാട്ടി തൊലിയുരിക്കാനുള്ള അവസരമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പ്രവര്‍ത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭ പാതയിലേക്കും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡി.സി.സി അദ്ധ്യക്ഷന്‍മാര്‍ക്ക് വേണ്ടി നെയ്യാറിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലുള്ള കോണ്‍ഗ്രസിനേക്കാള്‍ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്. രണ്ട് ശത്രുക്കളെ ഒരേസമയം നേരിടാന്‍ നമുക്ക് ശക്തിയുണ്ട്. എന്നാല്‍ നമ്മുടെ ഇടയില്‍ വിള്ളല്‍ വീഴ്ത്തി ദുര്‍ബലപ്പെടുത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. അത്തരം കെണിയില്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജാഗ്രത കാട്ടണമെന്ന് സുധാകരന്‍ പറഞ്ഞു.

സംഘപരിവാറുമായി സന്ധി ചെയ്താണ് സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത്. പരസ്പര സഹായസംഘമായാണ് അവരുടെ പ്രവര്‍ത്തനം. അധികാരം നിലനിര്‍ത്താന്‍ ഹീനതന്ത്രം മെനയുകയാണ് സി.പി.ഐ.എം. രണ്ട് കൂട്ടരെയും ജനമധ്യത്തില്‍ തുറന്നുകാട്ടി തൊലിയുരിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നുവരുന്നു. ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയാണ് നാം സ്വീകരിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

സംശുദ്ധമായ പൊതുജീവിതമായിരിക്കണം കോണ്‍ഗ്രസ് നേതാക്കളുടെ മുഖമുദ്ര. അതിലൂടെ പുതുതലമുറയെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. പൊതുപ്രവര്‍ത്തകന്‍ സമൂഹത്തിന് മാതൃകയാകണം. കാലോചിതമായ വെല്ലുവിളികളെ അതിജീവിക്കാന്‍ നമുക്ക് കഴിയണം. കോണ്‍ഗ്രസ് തകര്‍ച്ച രാഷ്ട്രീയ എതിരാളികള്‍ പോലും ആഗ്രഹിക്കുന്നില്ല. നമ്മുടെ പോരായ്മകള്‍ കണ്ടെത്തിക്കഴിഞ്ഞു. അതിനുള്ള പരിഹാരങ്ങള്‍ ആരംഭിച്ചു. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നേതാക്കള്‍ക്ക് അവരുടെ അഭിപ്രായവും പ്രയാസവും പറയാനും അതിനെല്ലാം ഹരിഹാരം കാണാനുമാണ് താന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഒരാള്‍ പോലും പരിധിവിട്ടുപോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി. സിദ്ധിഖ് എന്നിവര്‍ സംസാരിച്ചു.