‘പിണറായി ശൈലിയില്‍ കടക്കു പുറത്തു എന്ന് പറയുന്നു, എന്തൊരു നന്ദികേടാണിത്’; ഒറ്റയടിക്കുള്ള തലമുറ മാറ്റം മണ്ടത്തരമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന പ്രചരണം കോണ്‍ഗ്രസിന്റെ തോല്‍വിയെ സ്വാധീനിച്ച ഘടകമായിരുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്‌മണ്യന്‍. എന്നാല്‍ സംസ്ഥാനത്ത് ഏതെങ്കിലും നേതാവോ പ്രവര്‍ത്തകരോ ഇതേ വരെ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തഴക്കവും പഴക്കവമുള്ളവരെ മുഴുവന്‍ ഒറ്റയടിക്ക് നീക്കം ചെയ്തു പകരം പുതിയ തലമുറയെ പ്രതിഷ്ഠിക്കുക എന്നത് ചരിത്രപരമായ മണ്ടത്തരമാണ്. യുവാക്കളുടെ വലിയൊരു നിരയെ ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇറക്കിയെങ്കിലും അവര്‍ക്കും പ്രതീക്ഷ നിറവേറ്റാനായില്ല. തമലുറ മാറ്റം മാത്രമാണ് പരിഹാരം എന്ന പ്രചാരണത്തിന്റെ യുക്തിരാഹിത്യമാണ് ഇതില്‍ നിന്ന് ബോധ്യപ്പെടുന്നതെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞതിങ്ങനെ

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന് തെരഞ്ഞെടുപ്പു കാലത്തു വ്യാപകമായി പ്രചാരണം നടന്നിരുന്നു. . എന്നാല്‍, സംസ്ഥാനത്തു ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ ഇതേവരെ ബിജെപിയില്‍ ചേര്‍ന്നതായി അറിവില്ല. പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ഈ പ്രചാരണവും നമ്മുടെ തോല്‍വിയെ സ്വാധീനിച്ച ഘടകമാണ്.

യു ഡി എഫ് തോറ്റെങ്കിലും നമ്മളും എല്‍ ഡി എഫും തമ്മിലെ വോട്ടുവ്യത്യാസം നാലു ശതമാനമാണ്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലെ വ്യത്യാസം ഒരു ശതമാനത്തില്‍ താഴെയും. എന്നാല്‍, ഫലം അറിഞ്ഞു ഒരു മാസമായിട്ടും പാര്‍ട്ടിയെയും മുന്നണിയെയും ശാക്തീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. പ്രവര്‍ത്തകരെയും അനുഭാവികളെയും അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ഒന്നാണിത്.

നമ്മുടെ ദൗര്‍ബല്യങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ച് അടിയന്തിര തീരുമാനങ്ങള്‍ എടുക്കേണ്ട സ്ഥാനത്തു കുറ്റകരമായ മെല്ലെപ്പോക്കാണ് നടക്കുന്നത്. തോറ്റതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏതാനും നേതാക്കളുടെ തലയിലിട്ടു അവരില്‍ കുറ്റം കാണുന്ന പ്രവണത നിര്‍ഭാഗ്യകരമാണ്.

ഒന്നോ രണ്ടോ നേതാക്കളിലൂടെയല്ല പാര്‍ട്ടിയും മുന്നണിയും അധികാരത്തിലെത്തുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. ജയിക്കുമ്പോള്‍ അതു സ്വന്തം പ്രാഗല്‍ഭ്യം കൊണ്ടാണെന്നു കരുതുകയും തോല്‍ക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേല്‍ കെട്ടിയേല്‍പ്പിക്കുകയും ചെയ്യുന്നത് മര്യാദകേടാണ്. തോല്‍വി സംഭവിക്കുമ്പോള്‍ ഏതാനും പേരെ ടാര്‍ഗറ്റ് ചെയ്തു അവരെല്ലാം മാറണമെന്ന് വിളിച്ചു കൂവുകയും അതിനായി മാധ്യമങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നത് അന്തസില്ലായ്മയാണ്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് 20 ല്‍ 19 സീറ്റുകളും നേടിയപ്പോള്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിച്ചവര്‍ക്കു നമ്മള്‍ പ്രത്യേകമായി പൂച്ചെണ്ടുകളൊന്നും നല്‍കിയില്ല . എന്നാല്‍, . ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ അവരെ തെരഞ്ഞുപിടിച്ചു കല്ലെറിയുന്നു . പിണറായി ശൈലിയില്‍ കടക്കു പുറത്തു എന്ന് പറയുന്നു. എന്തൊരു നന്ദികേടാണിത്. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും മാറ്റം വേണമെന്ന് ആവശ്യമുന്നയിക്കുന്നതില്‍ ഒരു തെറ്റുമില്ല. നമ്മുടേത് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അതിനാല്‍ അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, പൊതുഇടങ്ങളില്‍ വിളിച്ചു കൂവിയല്ല അതു സാധിച്ചെടുക്കേണ്ടത്. പാര്‍ട്ടിയെയും മുന്നണിയെയും ഇത്രകാലം നയിച്ചവരെ മാറ്റുമ്പോള്‍ അതവരെ കൂടി ബോധ്യപ്പെടുത്തി അവരുടെ മനസ്സില്‍ മുറിവുണ്ടാക്കാതെ ചെയ്യണം. അല്ലാത്തപക്ഷം അവരോടു നമ്മള്‍ അനീതി ചെയ്തെന്ന കുറ്റബോധം ഇന്നല്ലെങ്കില്‍ നാളെ നമ്മുടെയൊക്കെ മനസിലുണ്ടാകും.

രാഷ്ട്രീയ കളരിയില്‍ തഴക്കവും പഴക്കവുമുള്ളവരെ മുഴുവന്‍ ഒറ്റയടിക്ക് നീക്കം ചെയ്തു പകരം പുതിയ തലമുറയെ പ്രതിഷ്ഠിക്കുക എന്നത് ചരിത്രപരമായ മണ്ടത്തരമാണ്. ഒരു പാര്‍ട്ടിയും അങ്ങിനെ ചെയ്യാറില്ല. . ഘട്ടം ഘട്ടമായ പരിണാമമാണ് ഉണ്ടാകേണ്ടത്. പുതിയ തലമുറയെ ഉള്‍ക്കൊള്ളുന്നതിനൊപ്പം പഴയ തലമുറയുടെ അനുഭവ ജ്ഞാനം കൂട്ടിനുണ്ടാവുകയും വേണം. കഴിഞ്ഞ തവണ സംഘടന പുനഃസംഘടിപ്പിച്ചപ്പോള്‍ പകുതിയോളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തലപ്പത്തു യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പ്രായപരിധി കഴിഞ്ഞ യുവ നേതാക്കളെയാണ് നിയോഗിച്ചത്. നിയമസഭാ ഫലം പരിശോധിച്ചാല്‍ അവരുടെ ജില്ലകളിലും കനത്ത തോല്‍വിയാണു സംഭവിച്ചതെന്ന് കാണാം. യുവാക്കളുടെ വലിയൊരു നിരയെ ഇത്തവണ തെരഞ്ഞെടുപ്പില്‍ നമ്മള്‍ ഇറക്കി. എന്നാല്‍, അവര്‍ക്കും പ്രതീക്ഷ നിറവേറ്റാനായില്ല. തലമുറ മാറ്റം മാത്രമാണ് പാര്‍ട്ടിക്ക് പരിഹാരം എന്ന പ്രചാരണത്തിന്റെ യുക്തിരാഹിത്യമാണ് ഇതില്‍ നിന്ന് ബോധ്യപ്പെടുന്നത്.

സിപിഎമ്മിനെ പോലെ ചിട്ടയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന , താഴെത്തട്ടില്‍ 24 മണിക്കൂറും ചലനാത്മകമായ സംഘടനാ സംവിധാനമുള്ള ഒരു പാര്‍ട്ടിയോടാണ് നമ്മള്‍ പൊരുതുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യമായി കൊണ്ടുനടക്കുന്ന ബിജെപി യെയാണ് നമ്മള്‍ എതിരിടുന്നത്. അവരുടേതു പോലെയുള്ള സംഘടനാ മെഷിനറിയോ അവര്‍ക്കുള്ളത്ര പണമോ നമ്മള്‍ക്കില്ല. രാജ്യത്തെയും സംസ്ഥാനത്തെയും വന്‍കിട കോര്‍പറേറ്റുകള്‍ അവരോടൊപ്പമാണ്. ഇത്തവണ ഈ രണ്ടു പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാണ് നമ്മളെ തോല്‍പിച്ചത് .

രാജ്യത്തു ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടി ഉണ്ടാകരുതെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ശിരസ്സാ വഹിച്ച ആര്‍ എസ് എസ് കേരളത്തില്‍ ഈ ലക്ഷ്യം നേടിക്കൊടുക്കാന്‍ രഹസ്യമായി ചരടുവലികള്‍ നടത്തിയിരുന്നു. അതോടൊപ്പം യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫിലേക്കു പോയ രണ്ടു പാര്‍ട്ടികള്‍ , കേരളാ കോണ്‍ഗ്രസും എല്‍ ജെ പിയും അവര്‍ക്കു മുതല്‍ക്കൂട്ടായി മാറി. യു ഡി എഫിന്റെ ഉറച്ച വോട്ടു ബാങ്കുകള്‍ ആയിരുന്ന ക്രിസ്ത്യന്‍ – മുസ്ലിം വോട്ടുകളിലെ ചോര്‍ച്ചയും ഈഴവ വോട്ടുകള്‍ ഗണ്യമായി ഇടതുപക്ഷത്തേക്ക് ചാഞ്ഞതും നമ്മളെ തോല്‍പിച്ച ഘടകങ്ങളാണ്. നമ്മളെ പ്രതിപക്ഷത്തു തന്നെ കെട്ടിയിടാന്‍ ഇടയാക്കിയ ഇത്തരം വിഷയങ്ങള്‍ ആഴത്തില്‍ അപഗ്രഥിച്ചു പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതിനു പകരം ഏതാനും പേരെ വെടിവെച്ചിട്ടതു കൊണ്ടു കാര്യമില്ല. നമ്മള്‍ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അതിനു തൊലിപ്പുറത്തെ ചികിത്സ പോരാ. ചതുരംഗ കളത്തിലെ കരുക്കള്‍ മാറ്റുന്നതു പോലെയല്ലല്ലോ രാഷ്ട്രീയം’.