‘വാല്‍മീകിയുടെ ആശയം സ്‌നേഹത്തെയും സാഹോദര്യത്തെയും കുറിച്ചായിരുന്നു, നമ്മുടെ ഭരണഘടന വാല്‍മീകിയുടെ ആശയങ്ങളെ ഉള്‍ക്കൊണ്ടിട്ടുള്ളതാണ്‌’; രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞതിങ്ങനെ

ന്യൂഡല്‍ഹി: ഇക്കാലത്ത് നമ്മുടെ സമൂഹത്തിലെ ദളിതുകളും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹര്‍ഷി വാല്‍മീകി ജയന്തിയോടനുബന്ധിച്ച് നടക്കുന്ന ശോഭാ യാത്രയുടെ പതാക വീശല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ദിവസങ്ങളില്‍ മഹര്‍ഷിവാല്‍മീകിയുടെ ആശയങ്ങളും, ദരിദ്രരായ ദളിത് സഹോദരന്‍മാരും സഹോദരിമാരും ആക്രമിക്കപ്പെടുകയാണ്. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ആക്രമിക്കപ്പെടുന്നു. എല്ലാ ആനുകൂല്യങ്ങളും പത്തോ പതിനഞ്ചോ പേര്‍ക്ക് മാത്രം നല്‍കുന്നു. ലക്ഷകണക്കിന് ജനങ്ങളെയും കര്‍ഷകരെയും ദരിദ്രരെയും നിശബ്ദരാക്കിയിരിക്കുന്നു. അവര്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

‘കോണ്‍ഗ്രസ് പാര്‍ട്ടി ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് ദളിത് സഹോദരന്‍മാരോടും സഹോദരിമാരോടും എനിക്ക് പറയാനുള്ളത്. അവര്‍ കൂടുതല്‍ ഈ രാജ്യത്തെ വിഭജിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഒത്തുചേരും. അവര്‍ കൂടുതല്‍ വിദ്വേഷം പടര്‍ത്തുമ്പോള്‍, നമ്മള്‍ കൂടുതല്‍ സ്‌നേഹത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും സംസാരിക്കും’, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യ രാജ്യത്തിന്റെ ഭരണഘടന ഉണ്ടായത് വാല്‍മീകി മഹര്‍ഷിയുടെ ആശയങ്ങളില്‍ നിന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വാല്‍മീകി രാജ്യത്തിന് ഒരു പാത കാണിച്ചു തന്നു. അദ്ദേഹത്തിന്റെ സന്ദേശം സ്‌നേഹത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചുമായിരുന്നു. ഇന്ന് നമ്മള്‍ ഇന്ത്യയില്‍ കാണുന്നത്, അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആക്രമിക്കപ്പെടുന്നതാണ്. നമ്മുടെ ഭരണഘടനയെന്നത് വാല്‍മീകിയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.