തുറന്നടിച്ച് ഷാനിമോള്‍ ഉസ്മാന്‍; ‘പാര്‍ട്ടിയില്‍ ശുദ്ധീകരണം വേണം, രണ്ടാം നിര നേതൃത്വം ഏറ്റെടുക്കണം’

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവും അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷാനിമോള്‍ ഉസ്മാന്‍. പാര്‍ട്ടിയില്‍ ശുദ്ധീകരണം വേണമെന്നും രണ്ടാം നിര നേതൃത്വം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പാര്‍ട്ടി പിന്തുണ കിട്ടിയില്ല. ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഏറ്റെടുത്തില്ല. കെപിസിസി ടീം ആയി പ്രവര്‍ത്തിച്ചില്ല. പ്രസിഡണ്ട് അടക്കമുള്ളവര്‍ എത്ര സ്ഥാനാര്‍ത്ഥികളുടെ ഓഫീസ് സന്ദര്‍ശിച്ചു?’, ഷാനിമോള്‍ ഉസ്മാന്‍ ചോദിച്ചു.

തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം. പാര്‍ട്ടിയില്‍ ശുദ്ധീകരണം വേണം. രണ്ടാം നിര നേതൃത്വം ഏറ്റെടുക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരണം. വിമര്‍ശനങ്ങളെ ഇനി അടിച്ചമര്‍ത്താനാവില്ല. ആനപ്പക വച്ചിട്ട് കാര്യമില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.