പേടിപ്പിച്ച് വീട്ടിലിരുത്താമെന്ന് സിപിഐഎം കരുതേണ്ടെന്ന് ഷാഫി, അണികളെ ചങ്ങലക്കിടേണ്ട സമയമായെന്ന് വികെ ശ്രീകണ്ഠന്‍; രമ്യാ ഹരിദാസിനെതിരെയുള്ള വധഭീഷണയില്‍ പ്രതിഷേധം കനക്കുന്നു

പാലക്കാട്: രമ്യാ ഹരിദാസ് എംപിക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ വധഭീഷണിക്കെതിരെ പ്രതിഷേധം കനക്കുന്നു. ജനങ്ങള്‍ ജയിപ്പിച്ചവരാണെന്നും പേടിപ്പിച്ച് വീട്ടിലിരുത്താമെന്ന് സിപിഐഎം കരുതേണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ചയാണ് ആലത്തൂരിലെത്തിയ തനിക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്ന്് രമ്യാ ഹരിദാസ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധിപ്പേരാണ് രമ്യാ ഹരിദാസിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍ക്കുപോലും പ്രവര്‍ത്തന സ്വാതത്ര്യം ഇല്ലാത്ത പിണറായി ഭരണമാണിതെന്ന് വികെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. അധികാര ഭ്രാന്തുപിടിച്ച അണികളെയൊക്കെ ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചു. കുമാരി രമ്യ ഹരിദാസിനെതിരെ ഭീഷണി മുഴക്കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് എസ്പിയോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ഭീഷണികളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

എംപിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞിരുന്നു.

Also Read: ‘അന്ന് ജാതിപ്പേര് വിളിച്ചവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, ഇനിയും കയ്യുംകെട്ടി നോക്കിയിരിക്കില്ല’; രമ്യാ ഹരിദാസിന് നേരെയുള്ള സിപിഐഎം വധഭീഷണിയില്‍ വിഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികള്‍ യുഡിഎഫ് കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആലത്തൂരിലെ ഇടതുപക്ഷ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വ്യക്തി തന്നെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് രമ്യ ഹരിദാസ് അറിയിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇക്കാര്യം വ്യക്തമാക്കി എംപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച ആലത്തൂര്‍ പൊലീസ് സ്റ്റേഷന് സമീപം തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്ന് രമ്യാ ഹരിദാസ് വ്യക്തമാക്കി. ആലത്തൂര്‍ മണ്ഡലത്തില്‍ കാലുകുത്തിയാല്‍ കൊല്ലുമെന്നടക്കമുള്ള ഭീഷണികളാണ് സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയതെന്നും അവര്‍ അറിയിച്ചു.