ഗുജറാത്ത് പിടിച്ചെടുക്കാന്‍ സച്ചിന്‍ പൈലറ്റ്?; പുതിയ നീക്കത്തിന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സച്ചിന്‍ പൈലറ്റിന് സംസ്ഥാനത്തിന്റെ സംഘടന ചുമതല നല്‍കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ ചുമതല നിര്‍വഹിച്ചിരുന്ന രാജീവ് സത്താ എംപി കൊവിഡ് ബാധിച്ച് അന്തരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് പുതിയ നേതാവിനെ കോണ്‍ഗ്രസ് നിയോഗിക്കാനൊരുങ്ങുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്നന നിയമസഭ തെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ മനസ്സിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിനടുത്തെത്തിയാണ് കോണ്‍ഗ്രസ് വീണുപോയത്. ഇത്തവണ അധികാരം പിടിച്ചെടുക്കണമെങ്കില്‍ മികച്ച നേതൃശേഷിയുള്ള നേതാവ് തന്നെ മുന്നില്‍ നിന്ന് മാര്‍ഗനിര്‍ദേശം നല്‍കണം എന്ന കോണ്‍ഗ്രസ് ആലോചനയാണ് സച്ചിന്‍ പൈലറ്റ് എന്ന പേരിലെത്തി ന്ില്‍ക്കുന്നത്.

നിലവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്‌ലോട്ടിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിന്റെ ചുമതല കോണ്‍ഗ്രസ് നല്‍കിയിരുന്നത്. കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റുമായി സംസാരിക്കുന്നുണ്ടെങ്കിലും നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.

സച്ചിന് പൈലറ്റിന് സ്വന്തം സംസ്ഥാനമായ രാജസ്ഥാന്‍ വിട്ടുപോകാന്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ പറയുന്നത്. എഐസിസി പുനസംഘടന നടക്കാനിരിക്കേ സച്ചിന്‍ പൈലറ്റിനെ ദല്‍ഹിയില്‍ ചുമതല നല്‍കുമോ എന്നതും ഇപ്പോള്‍ വ്യക്തമല്ല.