‘ഗ്രൂപ്പുകളെ ഫിനിഷ് ചെയ്യണമെന്നല്ല, പക്ഷെ, കാലത്തിന്റെ വിളി കേള്‍ക്കണം’; കെ സി വേണുഗോപാല്‍

കാലത്തിന്റെ വിളി അനുസരിച്ച് മാത്രമേ കോണ്‍ഗ്രസിന് ഇനി മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗ്രൂപ്പുകളെല്ലാം മഹാപാപമാണെന്ന് പറഞ്ഞ് മുന്നോട്ടു പോകേണ്ട കാലമല്ല ഇത്. പാര്‍ട്ടി ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഗ്രൂപ്പുകളെ എല്ലാം ഫിനിഷ് ചെയ്ത് പോകണമെന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അങ്ങനെ താല്‍പര്യപ്പെടുന്നവരും താല്‍പര്യപ്പെടാത്തവരുമുണ്ടാകുമെന്നും മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വേണുഗോപാലിന്റെ പ്രതികരണം.

പക്ഷെ, എപ്പോഴാണ് അപകടം വരുന്നത്? ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ പാര്‍ട്ടിയുടെ പൊതുതാല്‍പര്യങ്ങളേപ്പോലും അവഗണിച്ച് മുന്നോട്ടുപോകുമ്പോഴാണ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായത്. അത് മനസിലാക്കി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം കൊടുക്കുക എന്നതാണ് അന്തിമമായുള്ള നടപടി.

കെ സി വേണുഗോപാല്‍

അത് എല്ലാവരും സമ്മതിക്കും. കാരണം കാലത്തിന്റെ വിളി അതാണ്. കാലത്തിന്റെ വിളിക്ക് അനുസരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. അതിന് ഉത്തരവാദിത്തപ്പെട്ട നേതാക്കന്‍മാര്‍ അതിനനുസരിച്ച് പെരുമാറും എന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന നിയമസഭാ കക്ഷിയെ ആണ് സതീശന്‍ നയിക്കുന്നത്. പുതിയ തലമുറയേയും പഴയ തലമുറയേയും യോജിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ചുകൊണ്ടുവരാന്‍ സതീശന് കഴിയുമെന്ന് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു. കാലഘട്ടത്തിന് അനുസരിച്ചുള്ള ഒരു മാറ്റത്തിന് നേതൃത്വം തീരുമാനമെടുത്തു. ജനങ്ങള്‍ അത് സ്വീകരിച്ചെന്നാണ് ഇന്നലെ മുതലുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാനായത്. യോജിച്ചുള്ള മുന്നോട്ടുപോക്കിന് ഹൈക്കമാന്‍ഡിന്റെ എല്ലാ വിധ സഹായവുമുണ്ടാകുമെന്ന് വ്യക്തമാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിലനിര്‍ത്താന്‍ എ, ഐ ഗ്രൂപ്പുകളുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും അവ മറികടന്ന് സതീശന് അവസരം ഒരുക്കുന്നതില്‍ കെ സി വേണുഗോപാല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി എഐസിസി നേതാക്കളെ ഓരോരുത്തരെയായി ഫോണ്‍ ചെയ്‌തെന്ന വാര്‍ത്തകള്‍ വന്നു. എഐസിസിയില്‍ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിന്റെ പിന്തുണയുണ്ടാകുമെന്ന് കൂടി ഉറപ്പായതോടെ കൂടുതല്‍ എംഎല്‍എമാര്‍ സതീശന് വേണ്ടി അണിനിരന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും സതീശന് അനുകൂലമായ നിലപാടിലേക്ക് എത്തുകയായിരുന്നു.