‘കോണ്‍ഗ്രസ് വാക്‌സിനേഷന്‍ നടത്താം’; കര്‍ണാടകത്തില്‍ 100 കോടി രൂപ പദ്ധതിയുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകത്തിലെ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഭരണകക്ഷിയായ ബിജെപിയ്‌ക്കെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ വാക്‌സിന്‍ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിന് കൈമാറണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

മഹാമാരിയുടെ വരവുകളെ തടയുന്നതിന് ഏറ്റവും നല്ല മാര്‍ഗം വാക്‌സിന്‍ വിതരണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കുറച്ചു മാത്രം ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണ്. വാക്‌സിന്‍ വിതരണം നടത്തുന്നതിന് വേണ്ടി നൂറ് കോടി രൂപ തരാന്‍ കര്‍ണാടക കോണ്‍ഗ്രസ് ആലോചിക്കുന്നു. ഈ പണം കൈപറ്റി വാക്‌സിന്‍ വിതരണം നടത്തണമെന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാക്‌സിന്‍ വിതരണം എങ്ങനെയാണ് കൊവിഡിനെ പരാജയപ്പെടുത്തുന്നതെന്ന് ജനങ്ങളെ ബോധവത്കരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ എങ്ങനെ പരാജയപ്പെട്ടുവെന്നും വാക്‌സിന്‍ വിതരണം നേരിട്ട് ലഭിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദേശത്തെ കുറിച്ചും ജനങ്ങളോട് പറയണമെന്നും ശിവകുമാര്‍ പറഞ്ഞു.

ബിജെപി എംപിയായ തേജസ്വി സൂര്യ സ്വകാര്യ ആശുപത്രികളോടൊപ്പം ചേര്‍ന്ന് 900 രൂപക്ക് വാക്‌സിന്‍ വിതരണം നടത്തുന്നതിനെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ ചോദ്യം ചെയ്തു. ബിജെപി എംപിയെ അങ്ങനെ ചെയ്യാന്‍ അനുവദിക്കുകയും കോണ്‍ഗ്രസ് എംപിമാരെയും എംഎല്‍എമാരെയും സമാനരീതി നടപ്പിലാക്കാന്‍ അനുവദിക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.