ജംബോ കമ്മിറ്റികള്‍ വേണ്ട, പകരം എന്ത്? ബ്ലോക്ക് കമ്മിറ്റികള്‍ ഒഴിവാക്കിയേക്കും, കോണ്‍ഗ്രസ് ആലോചനകള്‍ ഇങ്ങനെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്താന്‍ പകരം എന്ത് എന്ന ആലോചനയാണ് ഇപ്പോള്‍ ശക്തിപ്പെടുന്നത്.

ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രമുള്‍പ്പെടുത്തി പുതിയ കമ്മിറ്റികള്‍ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതിനായി പാര്‍ട്ടി ഘടനയില്‍ അടിമുടി അഴിച്ചുപണിയുണ്ടായേക്കും. താഴെത്തട്ടില്‍ സംഘടനാ സംവിധാനം ദുര്‍ബലമായതാണ് തോല്‍വിലേക്ക് വഴിതെളിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി രാഷ്ട്രീയ കാര്യസമിതിയിലും സമാന അഭിപ്രായമുയര്‍ന്നിരുന്നു.

ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ബൂത്ത് കമ്മിറ്റികള്‍ പുനഃ സംഘടിപ്പിക്കാനാണ് നിലവിലെ ആലോചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് പുനഃസംഘനട നടന്നിരുന്നെങ്കിലും ഇവ കാര്യമായി പ്രവര്‍ത്തന സജ്ജമായിരുന്നില്ല.

മണ്ഡലം കമ്മിറ്റികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും നേതൃത്വം ആലോചിക്കുന്നുണ്ട്. പകരം പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിക്കും. നിലവില്‍ 20 ബൂത്തുകളില്‍ കൂടുതലുള്ള എല്ലാ പഞ്ചായത്തിലും രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്.

മണ്ഡലം കമ്മിറ്റികള്‍ക്ക് മുകളിലുള്ള ബ്ലോക്ക് കമ്മിറ്റികള്‍ ഒഴിവാക്കി നിയോജക മണ്ഡലം കമ്മിറ്റികള്‍ ആക്കുന്നതാണ് മറ്റൊന്ന്. ഇപ്പോള്‍ ഓരോ നിയോജക മണ്ഡലങ്ങളിലും രണ്ട് ബ്ലോക്ക് കമ്മിറ്റികള്‍ വീതമാണുള്ളത്. ഓരോ സ്ഥലത്തുനിന്നും ഓരോ കെപിസിസി അംഗത്തെ തെരഞ്ഞെടുക്കാമെന്നതിനാല്‍, നേരത്തെ ഗ്രൂപ്പ് നേതൃത്വങ്ങളായിരുന്നു ഈ രീതി നിര്‍ദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ, നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനോട് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകാനിടയില്ല.

എന്നാല്‍, ബ്ലോക്ക് കമ്മിറ്റികള്‍ ഒഴിവാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായേക്കുമെന്നാണ് സൂചന. നിലവിലുള്ള കമ്മിറ്റികള്‍ നിലനിര്‍ത്തിക്കൊണ്ട് നിയോജക മണ്ഡലം കമ്മിറ്റികൂടി രൂപീകരിക്കാമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

അടുത്തയാഴ്ചകളിലായി ചേരുന്ന രണ്ടുദിവസത്തെ രാഷ്ട്രീയകാര്യസമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ജംബോ കമ്മിറ്റികള്‍ നിഷ്‌ക്രിയമാണെന്നും ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണുള്ളതെന്നുമുള്ള വിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതിയില്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിശകലനം ചെയ്യാന്‍ രാഷ്ട്രീയ കാര്യസമിതി വരുന്ന 18,19 തിയതികളില്‍ വീണ്ടും ചേരുന്നുണ്ട്. ഈ യോഗത്തില്‍ എഐസിസി പ്രതിനിധികളും പങ്കെടുക്കും. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിക്കാണ് നീക്കം നടക്കുന്നത്.