അധ്യക്ഷ മോഹത്തിന് ഇത്തവണയും പൂവിരിയില്ല; കപ്പിത്താന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നീട്ടിവെച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഏറെക്കാലമായി കാത്തിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ളതെരഞ്ഞെടുപ്പ് നീട്ടിവെച്ചു. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം. ജൂണ്‍ 23 ന് തെരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു പാര്‍ട്ടി കേന്ദ്രകമ്മിറ്റി ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും തിയതി നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് വ്യാപനം കുതിച്ചുയരുന്ന അവസ്ഥയില്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് നീട്ടിവെക്കുന്നതാണ് ഉചിതമെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ അഭിപ്രായപ്പെടുകയായിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ അധ്യക്ഷന്‍ എന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായത്. ഇതിനിടെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് പലപ്പോഴായി പല നേതാക്കളും രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും രാഹുല്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അധ്യക്ഷനെ മാത്രമല്ല, പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചതോടെ പാര്‍ട്ടിയിലെ ഭിന്നതയും പടലപ്പിണക്കങ്ങളും പുറത്തേക്കെത്തുകയും തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന അവസ്ഥയില്‍ പാര്‍ട്ടി എത്തുകയും ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് അടിക്കടി തിരിച്ചടികളുണ്ടായപ്പോഴും അധ്യക്ഷനുവേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നു.