പരാതിപറഞ്ഞവരെ അനുനയിപ്പിച്ച് കോണ്‍ഗ്രസ്; ‘തെരഞ്ഞെടുപ്പില്‍ വീഴ്ചവരുത്തിയവര്‍ പുനഃസംഘടയ്ക്ക് പുറത്ത്’; പൂര്‍ണ തൃപ്തരെന്ന് ആര്‍എസ്പി

തിരുവനന്തപുരം: ഇടഞ്ഞുനിന്ന ആര്‍എസ്പിയെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. യുഡിഎഫ് യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തരാണെന്നാണ് ആര്‍എസ്പിയുടെ പ്രതികരണം.

ഏതെങ്കിലും നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയെന്ന് വ്യക്തമായാല്‍ നടപടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ‘നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആര്‍എസ്പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വളരെ ഗൗരവകരമായ കാര്യങ്ങള്‍ അവര്‍ ശ്രദ്ധയില്‍പ്പെടുത്തി. അതില്‍ ഹ്രസ്വ-ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കുമെന്ന നമ്മള്‍ തീരുമാനമെടുത്തിരിക്കുകയാണ്. യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് ആര്‍എസ്പി’, ചര്‍ച്ചയ്ക്ക് ശേഷം വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഏതെങ്കിലുമൊരു നേതാവിന്റെ പങ്കാളിത്തം പരാജയത്തിന് കാരണമായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടായിരിക്കും. മാത്രമല്ല, ആ നേതാക്കളെ പുനഃസംഘടനയില്‍ ഒരു സ്ഥാനത്തും ഉള്‍പ്പെടുത്തില്ലെന്ന് കെ.പി.സി.സി തീരുമാനമെടുത്തിട്ടുണ്ടെന്ന് കെ സുധാകരനും അറിയിച്ചു.

തങ്ങള്‍ ചര്‍ച്ചയില്‍ സംതൃപ്തരാണെന്നും തങ്ങളുന്നയിച്ച വിഷയങ്ങളെല്ലാം കോണ്‍ഗ്രസുമായി സമഗ്രമായി ചര്‍ച്ച ചെയ്‌തെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് വ്യക്തമാക്കി. യുഡിഎഫുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം ജില്ലയിലടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്പിക്കെതിരെയുള്ള നിലപാടുകളെടുത്തതില്‍ പരിഹാരം കാണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തിലും അടിയന്തര പരിഹാരമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരിക്കുന്നത്. ആറ്റിങ്ങല്‍, കൈപ്പമംഗലം സീറ്റുകള്‍ കൈമാറണമെന്ന ആര്‍എസ്പിയുടെ ആവശ്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

ആര്‍എസ്പിയുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പേ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി വി.ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഘടകകക്ഷികളെ ചേര്‍ത്തിണക്കി കൊണ്ടുപോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ സുധാകരനും ചര്‍ച്ച നടത്തുന്നുണ്ട്. ഇവയ്ക്ക് ശേഷമാവും യുഡിഎഫ് യോഗം ചേരുക.