തിരുവനന്തപുരം: ഡി.സി.സി പട്ടികയെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ അനുരഞ്ജന നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും നേതൃത്വം കോണ്‍ഗ്രസിന് ലഭിക്കുമെന്നുറപ്പാക്കിയാണ് തങ്ങള്‍ പിരിഞ്ഞതെന്ന് യോഗത്തിന് ശേഷം സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പരസ്യവിമര്‍ശനങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ശേഷം നാല് നേതാക്കളും ഒന്നിച്ച് കാണുന്നത് ഇതാദ്യമായാണ്.
കോണ്‍ഗ്രസിലെ മഞ്ഞുരുകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉരുകാന്‍ മഞ്ഞുണ്ടായിരുന്നില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ‘സാരമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അവയെല്ലാം സമൂലമായി പരിഹരിച്ചു. സംതൃപ്തിയോടെ കഴിഞ്ഞ കാലങ്ങളിലെപ്പോലെ ഒറ്റക്കെട്ടായി, സ്ഥാനമുണ്ടായാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന് അവരുടെ നേതൃത്വമുണ്ടായിരിക്കുമെന്ന് ഉറപ്പാക്കി ഞങ്ങള്‍ പിരിഞ്ഞു’, സുധാകരന് പറഞ്ഞു.
ഇനിയൊരു ചര്‍ച്ചയില്ല. പ്രശ്നങ്ങളെല്ലാം അവസാനിച്ചു. പുനഃസംഘടനാ ചര്‍ച്ചയുടെ ഭാഗമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തര്‍ക്കം തീര്‍ന്ന പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് വരുന്നത് മാറ്റിവെച്ചെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ പാര്‍ട്ടി വിടണമെന്ന പരാമര്‍ശം നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടണമെന്ന ആവശ്യം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിന് മുന്നില്‍ വെച്ചെന്നാണ് സൂചന. ഇക്കാര്യത്തില്‍ കെ.പി.സി.സി ഇരുവര്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം വി.ഡി സതീശന് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും വീടുകളിലെത്തി കണ്ടിരുന്നു. തുടര്‍ന്നാണ് യുഡിഎഫ് യോഗത്തിന് മുന്നോടിയായി നേതാക്കളെല്ലാം ചേര്‍ന്ന് ചര്‍ച്ച നടത്തിയത്.