‘ഗോപിനാഥ് ആരുടെയും ചെരുപ്പുനക്കാന്‍ പോകില്ല, ആ മനുഷ്യനെ എല്ലാവരും ദ്രോഹിച്ചു’; കരുണാകരനുമായുള്ള ചിത്രവുമായി പത്മജാ വേണുഗോപാല്‍

തൃശൂര്‍: പാര്‍ട്ടിയില്‍നിന്നും പ്രാഥമികാംഗത്വം രാജിവെച്ച എ.വി ഗോപിനാഥിനെപ്പോലെയുള്ള നേതാക്കളെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിക്കണമെന്ന് കെ.പി.സി.സി നിര്‍വ്വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പത്മജാ വേണുഗോപാല്‍. ഗോപിനാഥിന്റെ കഴിവുകള്‍ കരുണാകരന്റെ കാലത്ത് നേരിട്ട് കണ്ടിട്ടുണ്ട്. അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് പാര്‍ട്ടിക്ക് സംഭവിച്ച തകര്‍ച്ചയെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. കെ കരുണാകരനും ഗോപിനാഥും ചേര്‍ന്നുള്ള ചിത്രം പങ്കുവെച്ചാണ് പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍.
ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച് അച്ഛന്‍ ഒരു കാര്യം ഗോപിനാഥനെ ഏല്‍പ്പിക്കുന്നത് ഞാന്‍ കണ്ടു. എനിക്കു കേട്ടപ്പോള്‍ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാന്‍ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുന്‍പില്‍ വരൂ എന്ന് പറഞ്ഞു. അതു പോലെ തന്നെ സംഭവിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം’, പത്മജയുടെ വാക്കുകളിങ്ങനെ.

മണിക്കൂറുകള്‍ക്കകം നിരവധിപ്പേരാണ് പോസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. വിമര്‍ശിച്ചവര്‍ക്ക് പത്മജ കമന്റ് ബോക്‌സിലൂടെ മറുപടിയും നല്‍കുന്നുണ്ട്. ‘ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോള്‍ പലതും പറഞ്ഞു എന്ന് വരും .ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്’, എന്നാണ് പത്മജയുടെ ഒരു കമന്റ്.

തെരഞ്ഞെടുപ്പുകാലം മുതല്‍ ഗോപിനാഥ് പാര്‍ട്ടിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രാഥമികാംഗത്വം രാജി വെച്ചത്. കെ.പി.സി.സി ഭാരവാഹിപ്പട്ടികയിലും ഗോപിനാഥിന് ഇടംപിടിക്കാനായില്ല. കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടിയുടെ രാജിയോടെ ആ ചാപ്ടര്‍ അടഞ്ഞെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.