‘കെ സുധാകരനെ കോണ്‍ഗ്രസ് വേണ്ട വിധത്തില്‍ വിനിയോഗിക്കണം’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നേതൃമാറ്റമാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളും. കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷനാക്കണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. കെ സുധാകരന്‍ നല്ലൊരു നേതാവാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഇതിന് വേണ്ടി സമര്‍പ്പിച്ചതാണ്. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കുന്നതിനെ ആരെങ്കിലും എതിര്‍ക്കുമോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. മനോരമ ന്യൂസിനോടായിരുന്നു കോട്ടയം എംഎല്‍എയുടെ പ്രതികരണം.

അദ്ദേഹത്തെ നല്ല സ്ഥാനത്ത് വിനിയോഗിക്കണം. അദ്ദേഹത്തിന്റെ സേവനങ്ങള്‍ വേണ്ട വിധത്തില്‍ തൃപ്തികരമായി വിനിയോഗിക്കണം എന്ന അഭിപ്രായമാണ് എനിക്ക്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒരുമിച്ച് എല്ലാവരും കൂടി പോകുന്ന അന്തരീക്ഷമുണ്ടാകണം. ഒരുമിച്ച് നിന്ന് പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയണം. ഒറ്റ ശബ്ദത്തോടെ കോണ്‍ഗ്രസിനേക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നടക്കണം. നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസം അധികാരി വര്‍ഗത്തിന് മുന്നിലെത്തിക്കാന്‍ കഴിയണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തുടര്‍ച്ച നേടുകയും യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തെ കനത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 22 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോന്നായി രംഗത്തുവരികയാണ്. സംഘടനാപരമായ വീഴ്ച്ചകള്‍ കണ്ടറിഞ്ഞ് തിരുത്തണമെന്ന് പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. നേതൃമാറ്റം ആവശ്യമുണ്ടെങ്കില്‍ സംഘടന ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും തൃക്കാക്കര സീറ്റ് നിലനിര്‍ത്തിയ നേതാവ് പ്രതികരിച്ചു.

നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ച എന്ന കാര്യത്തില്‍ സംശയമില്ലെന്ന് അരൂരില്‍ സിറ്റിങ്ങ് സീറ്റ് നഷ്ടമായ ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. നേതൃത്വം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പരാജയത്തില്‍ പാഠം പഠിച്ചില്ല. രണ്ടാം നിര നേതാക്കളെ വിശ്വാസത്തിലെടുത്ത് നേതൃത്വത്തിലെടുക്കണം. ഒരു മാസത്തിലേറെയായി ഉന്നത രാഷ്ട്രീയകാര്യ സമിതി കൂടിയിട്ടില്ല. അത് സംഘടനാപരമായ വീഴ്ച്ചയാണെന്നും ഷാനിമോള്‍ ചൂണ്ടിക്കാട്ടി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍മ്മടത്ത് പിണറായിയോട് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് രംഗത്തെത്തി. മുല്ലപ്പള്ളി ഇനിയും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവെക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ പിടിച്ച് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെ സംസ്ഥാന അദ്ധ്യക്ഷനാക്കണം. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് അറിയുന്ന സുധാകരനെ അദ്ധ്യക്ഷനായിരുന്നുവെങ്കില്‍ യുഡിഎഫിന് ഭരണം ലഭിച്ചേനെ. അല്ലെങ്കില്‍ തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് അണികള്‍ക്ക് ആത്മവീര്യം പകരാനെങ്കിലും ആയേനെയെന്നും രഘുനാഥ് പറഞ്ഞു.

NEWSRUPT EXCLUSIVE: മുല്ലപ്പള്ളി രാജിവെച്ചേക്കും; പടിയിറങ്ങാന്‍ എഐസിസി നിര്‍ദ്ദേശം; രണ്ട് ദിവസത്തിനകം രാജി?

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളി സ്ഥാനം ഒഴിയാനിടയുണ്ട്.

സ്ഥാനമൊഴിണമെന്ന് നേതൃത്വം അനൗപചാരികമായി ആവശ്യപ്പെട്ടതായി വിശ്വസനീയ കേന്ദ്രങ്ങള്‍ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളിയുടെ സ്വമേധയാ ഉള്ള രാജിയുണ്ടാവന്നില്ലെങ്കില്‍ ഇക്കാര്യം ഔപചാരികമായി ആവശ്യപ്പെടാനാണ് തീരുമാനം.

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാജിവെക്കുമെന്നാണ് കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല്‍ ഇതുവരെ മുല്ലപ്പള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സ്വമേധയാ ഉള്ള രാജി വൈകുകയാണെങ്കില്‍ രാജിക്ക് കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തും.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ത്തന്നെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.