കോണ്‍ഗ്രസിന്റെ കാല്‍മണിക്കൂര്‍ ചക്രസ്തംഭന സമരം; പാലക്കാട് എംപിയും പൊലീസും തമ്മില്‍ വാക്കേറ്റം, സ്വാഭാവികമെന്ന് സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം. കാല്‍മണിക്കൂറാണ് സമരം നടത്തിയത്. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും സമരം ഉദ്ഘാടനം ചെയ്തു. ഗതാഗതക്കുരുക്ക് ഇല്ലാതെയാണ് പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് നേതാക്കള്‍ അറിയിച്ചു. മിക്ക ജില്ലാ കേന്ദ്രങ്ങളിലും എംപിമാരാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

പാലക്കാട് പ്രതിഷേധത്തിനിടെ പൊലീസും വി.കെ ശ്രീകണ്ഠന്‍ എംപിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഡിസിസി ഓഫീസില്‍നിന്നു പ്രതിഷേധ റാലിയുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡുമായി തടഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. പൊലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അഞ്ചുമിനിട്ടോളം മാത്രമാണ് വാക്കേറ്റം നീണ്ടുനിന്നത്.

പാലക്കാട്ടെ സംഭവം സ്വാഭാവികം മാത്രമാണെന്നാണ് കെ സുധാകരന്റെ പ്രതികരണം. സമരം ചെയ്യുന്നവരാകില്ല സംഘര്‍ഷമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങളുടെ വികാരത്തിനും ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. ജനം സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. ജനങ്ങളുടെ വികാര വിചാരങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ട് ഞങ്ങളാണ് എല്ലാം എന്ന അഹങ്കാരം കാണിക്കുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ പ്രതികരിക്കും. അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല’, സുധാകരന്‍ പ്രതികരിച്ചു.

കോഴിക്കോട് കെ മുരളീധരന്‍ എംപിയാണ് സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ച നയം പിന്തുടരാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാണോ എന്ന് കെ മുരളീധരന്‍ ചോദിച്ചു. ‘രാജസ്ഥാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരോടും നികുതി ഇളവുവരുത്താന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാണോ? ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞതുപോലെ മോഷ്ടിക്കുന്ന അമിത് ഷായ്ക്കും മോഡിക്കും ഫ്യൂസ് ഊരിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കക്കുകയാണ്. അത് തുറന്ന് കാണിച്ചാണ് ഈ സമരം’, മുരളീധരന്‍ പ്രസംഗിച്ചതിങ്ങനെ.

സമരത്തെ തകര്‍ക്കാന്‍ ചില വന്‍കിടക്കാരെ സമരം നടക്കുന്നിടത്തേക്ക് അയച്ചു. ഞാന്‍ ആരുടെയും പേരുപറയുന്നില്ല. ഏതാണ്ട് മദ്യപിച്ചപോലെയുള്ള കളികളൊക്കെ ചിലര്‍ നടത്തി. അവര്‍ക്കൊക്കെ ഒരുകോടിയുടെയും രണ്ട് കോടിയുടെയും വണ്ടി വാങ്ങാം. അങ്ങനെയുള്ളവര്‍ക്ക് ഡീസലിന് ആയിരം രൂപ കൊടുക്കേണ്ടി വന്നാലും കുഴപ്പമുണ്ടാകില്ല. പക്ഷേ, പാവപ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളികളുണ്ട് ഈ നാട്ടില്‍. അവരൊക്കെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം പെട്രോളിനും ഡീസലിനും കൊടുക്കേണ്ടി വരുമ്പോള്‍ കോണ്‍ഗ്രസിന് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. 11.15 വരെയായിരുന്നു സമരം. സമരത്തിന് ശേഷം എല്ലാ ജില്ലകളിലേയും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.