തിരുവനന്തപുരം: എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ എത്തുന്ന അവസ്ഥയുണ്ടാകരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കോണ്‍ഗ്രസ്. മന്ത്രിയുടെ പരാമര്‍ശം എം.എല്‍.എമാരെയൊന്നാകെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ്. ഏത് എം.എല്‍.എയാണ് കരാറുകാരനുമായി മന്ത്രിയെ കാണാനെത്തിയതെന്ന് വ്യക്തമാക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ് പറഞ്ഞു.
‘എല്ലാ കരാറുകാരും കുഴപ്പക്കാരാണെന്ന ധ്വനി മന്ത്രിയുടെ പരാമര്‍ശത്തിലുണ്ട്. അതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. കരാറുകാരിലും രാഷ്ട്രീയക്കാരിലും കുഴപ്പക്കാരും അല്ലാത്തവരുമുണ്ട്. മന്ത്രിയുടെ അടുത്തേക്ക് ഒരു എം.എല്‍.എ കരാറുകാരനുമായി എത്തിയിട്ടുണ്ടെങ്കില്‍ അത് ഏത് എം.എല്‍.എയാണെന്നും എന്ത് കുഴപ്പത്തിനായിരുന്നെന്നും ഈ മന്ത്രി വിശദീകരിക്കേണ്ടതുണ്ട്. അതിന് പകരം 140 എം.എല്‍.എമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല’, പി.ടി തോമസ് പ്രതികരിച്ചു.
‘കരാറുകാരടക്കം നാട്ടിലുള്ളവരൊന്നും പൊട്ടന്മാരൊന്നുമല്ല. പിണറായി വിജയന്റെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ പൊതുമരാമത്ത് മന്ത്രിയുടെ അടുത്തുനിന്നും ഒരു കാര്യം നടക്കണമെങ്കില്‍ അതിന് ഭരണപക്ഷത്തുള്ള എം.എല്‍.എയെ കൂട്ടുപിടിച്ചാലേ സാധിക്കൂ എന്ന് അറിയില്ലാത്തവര്‍ വളരെ കുറവാണ്. അപ്പോള്‍ ഭരണപക്ഷത്തെ ഏത് എം.എല്‍.എയാണ് എത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയാല്‍ മതി’, അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐഎം നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രിക്കെതിരെ വലിയ വിമര്‍ശനമുണ്ടായതായി താന്‍ കരുതുന്നില്ലെന്നും അതിന് കെല്പുള്ളവരാരും ഇപ്പോള്‍ ആ പ്രസ്ഥാനത്തിലില്ലെന്നും പി.ടി തോമസ് പരിഹസിച്ചു. യോഗത്തില്‍ നടന്ന കാര്യം ആരോ ഒരാള്‍ വാര്‍ത്ത വരാനായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാണ് താന്‍ കരുതുന്നത്. എന്നിരുന്നാലും വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കേണ്ട ബാധ്യത മന്ത്രിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിയമസഭയില്‍ ഒരു ചോദ്യം ചോദിച്ചപ്പോഴാണ് മന്ത്രി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. അപ്പോള്‍ത്തന്നെ പ്രതിപക്ഷം അതിനെതിരെ പ്രതിഷേധമുന്നയിച്ചിരുന്നു. കരാറുകാരുമായി മന്ത്രിയെ കാണാനെത്തിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും പി.ടി തോമസ് വിശദീകരിച്ചു.
പരാമര്‍ശത്തെത്തുടര്‍ന്ന് നടന്ന സിപിഐഎം നിയമസഭാ കക്ഷി യോഗത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ് അറിയിച്ചതിന് പിന്നാലെയായിരുന്നു പി.ടി തോമസിന്റെ പ്രതികരണം. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും കരാറുകാരുടെ കൂടെ എം.എല്‍.എമാര്‍ വരരുതെന്നുമാണ് റിയാസ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആവര്‍ത്തിച്ചത്. എം.എല്‍.എമാരുടെ യോഗത്തില്‍ ഖേദം രേഖപ്പെടുത്തിയിട്ടില്ല. താന്‍ പറഞ്ഞതില്‍ നിന്ന് ഒരടി പുറകോട്ട് പോയിട്ടില്ല. മന്ത്രിയെന്ന നിലയില്‍ ഇടതുപക്ഷ നയവും നിലപാടുമാണ് നടപ്പാക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ചില കരാറുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്കുന്നു. കരാറുകാര്‍ തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ചോദ്യോത്തര വേളയിലായിരുന്നു എം.എല്‍.എമാരോടായി റിയാസ് കരാറുകാരുമായുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചത്. ‘കരാറുകാര്‍ എം.എല്‍.എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല. അത് ഭാവിയില്‍ പല ദോഷങ്ങള്‍ക്കും കാരണമാവും’, എന്നായിരുന്നു റിയാസ് പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി സി.പി.ഐ.എം എം.എല്‍.എമാര്‍ മന്ത്രിക്കെതിരെ തിരിഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മന്ത്രിയുടെ സഭയിലെ പരാമര്‍ശം ജനപ്രതിനിധികളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് നിയമസഭാ കക്ഷിയോഗത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ ആരോപിച്ചു. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സംസാരിച്ച അഴീക്കോട് എം.എല്‍.എ കെ.വി സുമേഷും കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം ശരിവെച്ച് മന്ത്രിക്കെതിരെയുള്ള വിമര്‍ശനം കനപ്പിച്ചു. മണ്ഡലത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്ക് കരാറുകാരുമായി ബന്ധപ്പെടേണ്ടി വരുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ അവരുമായി മന്ത്രിമാരെ കാണേണ്ടതായും വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതിനെ തെറ്റായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വെച്ചുണ്ടാവാന് പാടില്ലായിരുന്നെന്നും എം.എല്‍.എമാര്‍ വിമര്‍ശിച്ചു.