പ്രവര്‍ത്തകരെ ‘യഥാര്‍ത്ഥ ദേശീയത’ പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്; ബിജെപിയെ ചെറുക്കല്‍ ലക്ഷ്യം

ന്യൂഡല്‍ഹി: ‘ദേശീയത’ എന്ന വിഷയത്തിലൂന്നി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ബിജെപിയെ ശക്തമായി ചെറുക്കുന്ന പാര്‍ട്ടിയായി സമൂഹത്തില്‍ നിലനില്‍ക്കണം എന്ന ആലോചനയുടെ ഭാഗമായാണ് ഈ തീരുമാനം.

ദേശീയത’യും ‘ഹിന്ദുത്വ’വും തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ബിജെപി എതിരാളികളില്ലാതെ ഏഴ് വര്‍ഷമായി നിലകൊള്ളുന്നതിനിടെയാണ് കോണ്‍ഗ്രസ് തീരുമാനം. ദേശീയതയില്‍ കൂടുതല്‍ പ്രത്യയശാസ്ത്ര ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

‘യഥാര്‍ത്ഥ ദേശീയത’ എന്ന ആശയത്തിലാണ് പരിശീലനം നടക്കുക. ഇന്ത്യയെന്ന ആശയം രൂപം കൊള്ളുന്നതിന് വേണ്ടി നടന്ന പക്ഷോഭം, കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം എന്നീ വിഷയങ്ങളിലൂടെയാണ് ആശയപഠനം നടക്കുക.

ഓരോ സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് വീതം പരിശീലകര്‍ക്കാണ് പരിശീലനം നല്‍കുക. ഇവരെ പിന്നീട് അതത് സംസ്ഥാനങ്ങളിലേക്ക് പദ്ധതി നടപ്പിലാക്കാനയക്കും. വാര്‍ധയിലെ സേവാഗ്രാമിലാണ് പരിശീലന പരിപാടി നടക്കുക.

നവംബര്‍ മാസത്തില്‍ പരിശീലനം പൂര്‍ത്തിയാവും. പരിശീലകരാക്കാനുള്ളവരുടെ പേരുകള്‍ നല്‍കാന്‍ എഐസിസി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.